ന്യൂദല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെ ജാതിരാഷ്‌ട്രീയം തിരിച്ചടിക്കുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടേല്‍ സമരസമിതി കണ്‍വീനര്‍ ഹാര്‍ദ്ദിക് പട്ടേല്‍ എന്നിവരെ കോണ്‍ഗ്രസ്സിലെത്തിക്കാനുള്ള നീക്കം പാളി. ഇരുനേതാക്കളുമായും ധാരണയിലെത്താനുള്ള ശ്രമവും വിജയിച്ചില്ല. പിന്നോക്ക സമിതി നേതാവ് അല്‍പേശ് താക്കൂര്‍ അടുത്തിടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവായ അല്‍പേശിന്റെ കടന്നുവരവ് ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പട്ടേല്‍ സമരസമിതി പ്രതിനിധികളുമായി പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കള്‍ മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. ഏഴാം തീയതി വീണ്ടും ചര്‍ച്ച നടത്തും. സംവരണം സംബന്ധിച്ച് നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹാര്‍ദ്ദിക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചയില്‍ ഹാര്‍ദ്ദിക് പങ്കെടുത്തില്ല.
അടുത്ത ചര്‍ച്ച അവസാനത്തേതാണെന്ന് ഇന്നലെ അദ്ദേഹം പ്രതികരിച്ചു. പട്ടേല്‍ വിഭാഗത്തിന് ഒബിസി വിഭാഗത്തിലുള്‍പ്പെടുത്തി സംവരണം നല്‍കണമെന്നതാണ് ഹാര്‍ദ്ദിക്കിന്റെ ആവശ്യം. മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണമാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. നേരത്തെ ഇത്തരത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ പത്ത് ശതമാനം സംവരണം കോടതി റദ്ദാക്കിയിരുന്നു. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം അംഗീകരിക്കാനാകില്ലെന്നാണ് പട്ടേല്‍ നേതാക്കളുടെ നിലപാട്.
എന്‍സിപിയുമായും ഹാര്‍ദ്ദിക് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ബിജെപി വിരുദ്ധ പട്ടേല്‍ വോട്ടുകള്‍ എന്‍സിപിയിലേക്ക് മാറുന്നത് ഫലത്തില്‍ ഭരണകക്ഷിക്ക് ഗുണം ചെയ്യും. ജിഗ്നേഷ് മേവാനിയുമായി കൂടിക്കാഴ്ച നടത്താനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ ശ്രമവും പരാജയപ്പെട്ടു. ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചക്ക് ജിഗ്നേഷ് വിസമ്മതിച്ചു.
















