രക്ഷിക്കാന്‍ സിപിഎം; റവന്യൂ മന്ത്രി ഇടയുന്നു
കൊച്ചി: ഭൂമി കൈയേറ്റത്തെക്കുറിച്ച് ഗുരുതരമായ കണ്ടെത്തലുകളും പരാമര്‍ശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് നല്‍കിയിട്ടും, ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ സംരക്ഷിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷം. ചാണ്ടിക്കായി സിപിഎം രഹസ്യനീക്കങ്ങള്‍ നടത്തുമ്പോള്‍, ഇതിനെതിരെ ശക്തമായ നിലപാടുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ രംഗത്തുവന്നു.
കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജാരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാനെ ഒഴിവാക്കിയ നടപടിക്കെതിരെയാണ് റവന്യു മന്ത്രി നിലപാടെടുത്തത്. കേസില്‍ രഞ്ജിത്ത് തമ്പാന്‍ തന്നെ ഹാജരാകണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കി. വിഷയം പൊതുതാത്പര്യമുള്ളതാണെന്നും കേസില്‍ ഹാജരാവാന്‍ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.
അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാകണമെന്നത് തന്റെ ഓഫീസിന്റെ വിവേചനാധികാരമാണെന്നും അഡ്വക്കറ്റ് ജനറല്‍ പറയുന്നു. സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയോടെയാണ് അഡ്വക്കറ്റ് ജനറലിന്റെ നിലപാട്. കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാത്തതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്, ഹൈക്കോടതിയിലെ കേസാണ്. ഈ കേസ് ചാണ്ടിക്ക് അനുകൂലമായാല്‍ സിപിഎം ഉദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തും.
ലേക്പാലസ്, മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് രഞ്ജിത്ത് തമ്പാനെ മാറ്റി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനെയാണ് ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ വിമര്‍ശനമുയര്‍ന്നപ്പോഴാണ് റവന്യൂ മന്ത്രി ഇടപെട്ടത്.
റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ എഎജിയാണ് ഹാജരാകാറുള്ളത്. ഇത് ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂര്‍വമാണെന്നാണ് ആരോപണം.
ചാണ്ടിയുടെ കൈയേറ്റത്തില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശന നിലപാടാണ് എടുത്തിട്ടുള്ളത്. ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കിയ കളക്ടറെ നീക്കി ടി.വി. അനുപമയെ കളക്ടറാക്കിയതും ഇതിന്റെ ഭാഗമായായിരുന്നു.
അധികഭൂമിയില്‍ കുരുങ്ങി
മലപ്പുറം: ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണത്തില്‍ ഇടത് എംഎല്‍എ പി.വി. അന്‍വറും കുരുക്കില്‍. പരിധിയില്‍ കവിഞ്ഞ ഭൂമി സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ റവന്യുവകുപ്പ് അന്വേഷിക്കും. എംഎല്‍എയുെടയും കുടുംബാംഗങ്ങളുടെയും കൈവശം എത്ര ഭൂമിയുണ്ടെന്നാണ് പരിശോധിക്കുക. വില്ലേജ് തിരിച്ചുള്ള കണക്കെടുക്കാനാണ് തീരുമാനം. എംഎല്‍എയുടെ കുടുംബത്തിന്റെയും കൈവശം ഭൂപരിഷ്‌കരണ നിയമപരിധിക്കു പുറത്ത് ഭൂമിയുണ്ടെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. അന്വേഷണം നടത്തി മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ആശ്രിതരുടെ പേരിലുള്ള സ്വത്ത്‌വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അന്‍വര്‍ മറച്ച് വെച്ചതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഭാര്യമാരുണ്ടെന്നിരിക്കെ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയത്. പിവിആര്‍ പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പില്‍ നിന്നും അന്‍വര്‍ മറച്ച് വെച്ചു.
മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നല്‍കിയ രേഖകളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് അന്‍വര്‍ രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ 455-ാം നമ്പര്‍ വോട്ടറായ ഷീജയാണ് ഭാര്യയെന്ന് തെരഞ്ഞെടുപ്പ് രേഖകളില്‍ നിന്ന് വ്യക്തം. എന്നാല്‍ 2017ല്‍ പിവിആര്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഒരു കേസില്‍ അന്‍വര്‍ പറഞ്ഞത് താനും ഭാര്യ ഹഫ്‌സത്തും മാത്രമാണ് പിവിആര്‍ പാര്‍ക്കിന്റെ മാനേജിംഗ് പാര്‍ട്‌നര്‍മാര്‍ എന്നായിരുന്നു.
അതായത് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന് വിവിധ രേഖകളില്‍ അന്‍വര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പിവിആര്‍ പാര്‍ക്കിന്റെ അവകാശികള്‍ താനും ഭാര്യയുമാണെന്ന് അവകാശപ്പെടുന്ന അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ളത് കാര്‍ഷിക ഭൂമി മാത്രമാണെന്ന് പറയുന്നു. നിയമാനുസൃതമല്ലാതെ അന്‍വറിന്റേയും കുടുംബത്തിന്റെയും പേരിലുള്ള കൃഷിഭൂമിയുടെ യഥാര്‍ത്ഥ കണക്ക് ലഭിക്കണമെങ്കില്‍ രണ്ടാമത്തെ ഭാര്യയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൂടി അന്വേഷിക്കണ്ടി വരും.
കൊട്ടാക്കമ്പൂരില്‍ അന്ത്യശാസനം;ഇല്ലെങ്കില്‍ കണ്ടുകെട്ടും
ഇടുക്കി: കുറിഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്ത കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ 34 ഏക്കര്‍ ഭൂമി കൈയേറിയ ഇടുക്കിയിലെ ഇടത് എംപി ജോയിസ് ജോര്‍ജ്ജ് എംപിക്കും ബന്ധുക്കള്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ ദേവികുളം സബ്കളക്ടര്‍ അന്ത്യശാസനം നല്‍കി. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നു കണ്ട് വസ്തു സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
പട്ടയം, ആധാരം, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുമായി നവംബര്‍ ഏഴിന് രാവിലെ 11 ന് ഹാജരാകാന്‍ ജോയിസ് ജോര്‍ജ്, ഭാര്യ അനൂപ, ബന്ധുക്കളായ ജിസ് ജെസ്റ്റിന്‍, രാജു ജ്യോതിസ്, ജോര്‍ജി ജോര്‍ജ്, മേരി ജോര്‍ജ്, സൂരജ് പി എന്നിവര്‍ക്കാണ് സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നോട്ടീസ് നല്‍കിയത്.
ജോയിസും കുടുംബവും പട്ടികജാതി വിഭാഗക്കാരുടെ കോടികള്‍ വിലമതിക്കുന്ന 34 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ദേവികുളം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇപ്പോള്‍ മൂന്നാര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോലീസ് അന്വേഷണത്തിന് സമാന്തരമായി ദേവികുളം സബ്കളക്ടറും അന്വേഷണം ആരംഭിച്ചിരുന്നു. ജോയിസിനോടും ബന്ധുക്കളോടും രണ്ട് തവണ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ കേസില്‍ സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
















