കൊച്ചി: ആരോഗ്യ വകുപ്പിന്റെ മീസില്‍സ് ആന്‍ഡ് റൂബല്ലാ പ്രതിരോധ കുത്തിവെയ്‌പ്പ് പരാജയത്തിലേക്കോ? ഒക്‌ടോബര്‍ 23 ലെ കണക്കു പ്രകാരം, 48.8 ശതമാനമേ ലക്ഷ്യം കണ്ടുള്ളു. ഒരാഴ്ചകൂടിയേ കുത്തിവെയ്‌പ്പ് പദ്ധതിയുള്ളു. പത്തനംതിട്ടയാണ് ശതമാനക്കണക്കില്‍ മുന്നില്‍, 76 %. മലപ്പുറത്താണ് ഏറ്റവും കുറവ്, 26%. എന്നാല്‍, മലപ്പുറത്ത് കുത്തിവെപ്പെടുത്തവരുടെ എണ്ണം 3.33 ലക്ഷം പേരാണ്. പത്തനംതിട്ടയിലെ 76 % എണ്ണത്തില്‍ 1.53 ലക്ഷവും.
ഒമ്പതു മാസത്തിനും 14 വയസിനുമിടയ്‌ക്കുള്ള കുട്ടികള്‍ക്കാണ് കുത്തിവെയ്‌പ്പ് നടത്തിയത്. ഒരുമാസത്തെ പരിപാടി നവംബര്‍ മൂന്നിനു കഴിയും. ആരോഗ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ 39 ശതമാനമാണ് ലക്ഷ്യം കണ്ടത്, 39.7%. തലസ്ഥാനത്ത് 66.2% കുട്ടികള്‍ക്ക് കുത്തിവെയ്‌പ്പ് നടത്തി, 4,27,153 പേര്‍ക്ക്.
14 വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം 75,62,886. അവരില്‍ 36,90,407 പേര്‍ക്കാണ് ഒക്‌ടോബര്‍ 23 വരെയുള്ള കണക്കു പ്രകരം കുത്തിവെപ്പു നടത്തിയത്. ശേഷിക്കുന്ന ആറു ദിവസത്തില്‍ 50 % കുട്ടികളില്‍കൂടി ലക്ഷ്യം കാണുക എളുപ്പമല്ല.
മലപ്പുറത്ത് കുത്തിവെപ്പിനെതിരേ മതവിശ്വാസത്തിന്റെ പേരില്‍ വിലക്കുകള്‍ വന്നതാണ് ശതമാനക്കണക്കില്‍ കുറവു വന്നതെന്നു പറയുന്നെങ്കിലും, കുട്ടികളുടെ എണ്ണം നോക്കുമ്പോള്‍ മൂന്നേകാല്‍ ലക്ഷം പേര്‍ പ്രതിരോധ ശേഷി നേടി. 12,60,493 കുട്ടികളാണിവിടെ 14 വയസില്‍ താഴെ. കോഴിക്കോടാണ് തൊട്ടു പിന്നില്‍, 7,38,694 കുട്ടികള്‍. ഇവരില്‍ 35.1 % പേര്‍ക്കേ കുത്തിവെയ്‌പ്പ് നടത്തിയുള്ളു. അതുകഴിഞ്ഞാല്‍ എണ്ണത്തില്‍ പാലക്കാട് ജില്ല, 6,73,693 കുട്ടികള്‍. ഇവിടെ 46.1 % പേര്‍ കുത്തിവെയ്‌പ്പെടുത്തു.
ആരോഗ്യ മന്ത്രിയുടെ ജില്ലയായ കണ്ണൂരിലും കുത്തിവെയ്‌പ്പ് വിജയം കണ്ടില്ലെന്ന ആക്ഷേപം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശക്തമാണ്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മതവിശ്വാസത്തിന്റെ പേരില്‍ വിലക്കു വന്നതാണ് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഈ ജില്ലകളിലെ കുട്ടികളുടെ ജനസംഖ്യ കണക്കിലെടുക്കണമെന്ന് ചിലര്‍ നീരീക്ഷിക്കുന്നു.
പ്രചരിപ്പിക്കുന്നപ്പെടുന്നതുപോലെ ഇസ്ലാം മതവിശ്വാസികളല്ല, ആ വിഭാഗത്തിന് നേട്ടം കിട്ടാതിരിക്കാന്‍ മറ്റു ചിലരാണ് കുത്തിവെപ്പിനെതിരേ പ്രചാരണം നടത്തുന്നതെന്നും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനപദ്ധതിക്ക് സര്‍ക്കാര്‍ കൂടുതല്‍ കാലം അനുവദിക്കേണ്ടിവരും, എന്നിട്ടും സംസ്ഥാന ശരാശരി 95 % എങ്കിലും എത്തിയില്ലെങ്കില്‍ ആരോഗ്യ കേരളമെന്ന അവകാശവാദം ചോദ്യം ചെയ്യപ്പെടാം.
















