ബിജെപി ന്യൂനപക്ഷ വിരുദ്ധന്മാരാണെന്ന പ്രചരണത്തിന് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മൂര്‍ച്ച കൂടും. അങ്ങനെയിരിക്കുമ്പോഴാണ് 1999ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറായത്. ന്യൂനപക്ഷ വിരുദ്ധരെന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ കിട്ടിയ ഒരവസരം-ഒപ്പം തലയെടുപ്പുള്ളൊരു സ്ഥാനാര്‍ത്ഥിയും. ഒരു വെടിക്ക് രണ്ടുപക്ഷി. അങ്ങനെ പുനത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തെരഞ്ഞെടുപ്പ് കമ്മിറ്റി പച്ചക്കൊടി കാട്ടി.
വടകരയില്‍നിന്നും അവശ്യം വേണ്ട സാധനങ്ങളുമായി കോഴിക്കോട്ടു വന്നിറങ്ങുമ്പോഴും പുനത്തിലിന്റെ മുഖത്ത് ഒരവധിക്കാലം ചെലവഴിക്കാന്‍ വന്ന ടൂറിസ്റ്റിന്റെ ഭാവം!
കുഞ്ഞബ്ദുള്ളയെ ബിജെപി സ്വതന്ത്രനായി നിര്‍ത്താനായിരുന്നു തീരുമാനം. ചിഹ്നമായി ആവശ്യപ്പെട്ടതു താമരയും. എന്നാല്‍ ബിജെപിയുടെ പേരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഡമ്മിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ പുനത്തിലിന്റെ താമരചിഹ്നം പോയി. എന്നുവച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും സ്വതന്ത്രചിഹ്നംകൊണ്ടു തൃപ്തിപ്പെടേണ്ടിവരുമെന്നു സാരം.
പാര്‍ട്ടിപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ പേരുപോലെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നതാണ് പാര്‍ട്ടിയുടെ ചിഹ്നം. അതു മാറിയാല്‍ സംഗതി കുഴഞ്ഞതുതന്നെ. അവസാന നിമിഷം അന്നത്തെ കളക്ടറായിരുന്ന ഉഷാ ടൈറ്റസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മുന്നിലൊരു മാര്‍ഗമെ അവശേഷിച്ചിരുന്നുള്ളൂ. ബിജെപി ചിഹ്നം കിട്ടാന്‍ കുഞ്ഞബ്ദുള്ള ബിജെപിക്കാരനാണെന്നു തെളിയിക്കുന്ന മെമ്പര്‍ഷിപ്പ് ഹാജരാക്കുക. പാര്‍ട്ടി ആശയങ്ങളോട് ആഭിമുഖ്യം കാണിച്ച ആളാണെങ്കിലും പെട്ടെന്ന് മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് പറയുമ്പോള്‍ ചെറിയൊരാശങ്കയുണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ ആശയാദര്‍ശങ്ങളോട് ‘രാജിയാവാത്ത’ കുഞ്ഞബ്ദുള്ള, വിശ്വാസം രേഖപ്പെടുത്തുന്നിടത്ത്-മെമ്പര്‍ഷിപ്പില്‍-നിസ്സങ്കോചം, പതിവ് പുഞ്ചിരിയോടെ വലിച്ചുനീട്ടി ഒപ്പുവച്ചു! അങ്ങനെ ബിജെപി സ്വതന്ത്രന്‍ ഒറിജിനലായി മാറുകയും ചെയ്തു!
കുഞ്ഞബ്ദുളളയുടെ പതിവുവേഷമായ പാന്റ്‌സ് അഴിച്ചുമാറ്റി മുണ്ടുടുപ്പിച്ച് ജനകീയനാക്കാനൊരു ശ്രമം ആദ്യമെതന്നെ നടന്നു. മുണ്ടുടുത്ത് പുറത്തിറങ്ങി ശീലമില്ലാത്തതിനാല്‍ അഴിഞ്ഞുതാഴെപ്പോകുന്ന പക്ഷം അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് ‘ഭീഷണി’പ്പെടുത്തിയപ്പോള്‍ ആവശ്യമുന്നയിച്ചവര്‍ പതുക്കെ പിന്‍വലിഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീടായ വൈലാലിലെ സാഹിത്യത്തറവാട്ടില്‍ വച്ചായിരുന്നു കുഞ്ഞബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം. സ്ഥാനാര്‍ത്ഥി പരിവാരസമേതം പുലര്‍കാലത്ത് തന്നെ വീട്ടിലെത്തി. ബിജെപി നേതാക്കന്മാരുടെ അകമ്പടിയോടെ മുന്നില്‍ത്തന്നെ വിവാദനായകനായ കുഞ്ഞബ്ദുള്ള. പിന്നിലായി, പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും. ചെന്നുകയറിയപ്പോള്‍ത്തന്നെ ഫാബി ബഷീറിന്റെ മുഖത്തൊരു പരിഭ്രമം. ഈ പത്രക്കാര്‍ നാളെ എന്തെല്ലാമാണ് എഴുതിക്കൂട്ടുക എന്നോര്‍ത്ത് അവര്‍ ഭയന്നിരിക്കാം. പോരാത്തതിന് മാധവിക്കുട്ടി മതംമാറി ഇസ്ലാമായപ്പോള്‍ കുഞ്ഞബ്ദുള്ളയിലൂടെ മറുപക്ഷം പകരം വീട്ടിയിരിക്കുകയാണെന്നൊരു കിംവദന്തി അതിനകം തന്നെ മുസ്ലിം ജനസാമാന്യത്തിനിടയില്‍ വ്യാപകമായിപ്രചരിച്ചിട്ടുമുണ്ടായിരുന്നു!
ഏതായാലും എഴുത്തുകാരുടെ തീര്‍ത്ഥാടന കേന്ദ്രമായ വൈലാലിലെ നിത്യ സന്ദര്‍ശകനായ കുഞ്ഞബ്ദുള്ളയെയും ആ കുടുംബവുമായി അടുത്തബന്ധമുള്ള ബിജെപി നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയെയും മറ്റും കണ്ടപ്പോള്‍ ചിത്രമാകെ മാറി. സൗഹൃദമായി, സംഭാഷണമായി. സ്ഥാനാര്‍ത്ഥി അനുഗ്രഹവും വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും നടത്തി.
പുറത്തിറങ്ങിയ പുനത്തിലിനെ പത്രക്കാരെല്ലാം ചേര്‍ന്ന് തരംപോലെ വളഞ്ഞുപിടിച്ചു. പത്രക്കാരോട് സ്ഥിരമായി സംവദിക്കുന്ന രാഷ്‌ട്രീയക്കാരനല്ലാത്തതുകൊണ്ട് കുഞ്ഞബ്ദുള്ളയില്‍നിന്ന് അവര്‍ അനായാസേന ചൂടുള്ള വാര്‍ത്തകള്‍ അടിച്ചെടുത്തു.
ബിജെപി സ്ഥാനാര്‍ത്ഥിയായതെന്തുകൊണ്ടാണെന്നായിരുന്നു പത്രക്കാരുടെ ആദ്യത്തെ ചോദ്യം. ആദ്യം ക്ഷണിച്ചത് ബിജെപിക്കാരായതുകൊണ്ടെന്ന് മറുപടി. ഉടനെ വന്നു രണ്ടാമത്തെ ചോദ്യം. ആദ്യം ക്ഷണിച്ചത് മറ്റാരെങ്കിലുമായിരുന്നെങ്കിലോ? നിശ്ചയമായും പരിഗണിക്കുമായിരുന്നു എന്ന് പുനത്തില്‍.
ഈ മറുപടിതന്നെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ പത്രക്കാര്‍ക്ക് കൊണ്ടാടാനേറെയുണ്ടായിരുന്നു. അതീവ സങ്കീര്‍ണമായ അന്താരാഷ്‌ട്ര പ്രശ്‌നങ്ങള്‍ തൊട്ട് അയോധ്യവരെ പത്രക്കാര്‍ പുനത്തിലിന്റെ മുന്നിലെടുത്തിട്ടു. പതിവുപോലെ കുഞ്ഞബ്ദുള്ളയുടെ പല പ്രതികരണങ്ങളും വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്തു.
സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ സ്ഥാനാര്‍ത്ഥിക്ക് ഉറക്കമില്ല. സ്വീകരണയോഗങ്ങള്‍ അവസാനിക്കുമ്പോഴേക്കും രാത്രി വളരെ വൈകും. തുടര്‍ന്ന് അന്നത്തെ പ്രവര്‍ത്തനം വിലയിരുത്താനും അടുത്തദിവസത്തെ പരിപാടികള്‍ക്ക് അവസാനരൂപം നല്‍കാനുമുള്ള സമയമാണ്. അതുകഴിഞ്ഞാല്‍ എതിരാളികളുടെ കണ്ണില്‍പ്പെടാതെ കീ വോട്ടര്‍മാരെ കാണാനുള്ള ഊഴമായി. എല്ലാം കഴിയുമ്പോഴേക്കും പുലരാനേറെ നേരം കാണില്ല. പക്ഷെ കുഞ്ഞബ്ദുള്ള പരമാവധി പതിനൊന്നുമണിയോടെ താമസസൗകര്യമേര്‍പ്പെടുത്തിയ അളകാപുരിയിലെത്തി സുഖനിദ്രയിലാണ്ടിരിക്കും.
സുഖിമാനായി എസി കാറില്‍ യാത്ര ചെയ്തു ശീലിച്ച പുനത്തില്‍ ഒന്നാം റൗണ്ട് പര്യടനം പൂര്‍ത്തിയായപ്പോഴെ ഒരു പരുവത്തിലായിരുന്നു. ‘വോട്ടും നോട്ടും’ തേടി പകലന്തിയോളമുള്ള അലച്ചിലവസാനിക്കുമ്പോഴേക്കും കഥാകാരനാകെ തളര്‍ന്നിരിക്കും. ശരീരത്തിലാകമാനം വലിഞ്ഞുമുറുകുന്ന വേദനയും. ഏതായാലും ഞങ്ങള്‍ക്ക് അദ്ദേഹത്തിന് മരുന്നന്വേഷിച്ച് പോകേണ്ടതായി വന്നില്ല. കാരണം ഒരുവിധം രോഗങ്ങള്‍ക്കൊക്കെയുള്ള മരുന്ന് അദ്ദേഹത്തിന്റെ വലതുകൈയിന്റെ ഭാഗമായി മാറിയ ബ്രീഫ് കെയ്‌സില്‍ കാണുമായിരുന്നു.
മണ്ഡലം അക്ഷരാര്‍ത്ഥത്തില്‍ അരച്ചുകലക്കി കുടിച്ചവരായിരുന്നു ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍. തികച്ചും വ്യത്യസ്തമായൊരു ലോകത്തുനിന്നും രാഷ്‌ട്രീയ രംഗത്തുവന്നിറങ്ങിയ പുനത്തിലിന്റെ കാര്യമിതായിരുന്നില്ല. ആയതിനാല്‍ സ്വീകരണ യോഗങ്ങള്‍ നടക്കുമ്പോള്‍ ചെന്നിറങ്ങാന്‍ പോകുന്ന സ്വീകരണ കേന്ദ്രത്തെക്കുറിച്ച്, അവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച്, മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഒക്കെ ഒരേകദേശ ധാരണ കൊടുത്തിരുന്നു. പക്ഷെ പ്രസംഗം തുടങ്ങിയാല്‍ പുനത്തിലിന് സ്വന്തമായൊരു ശൈലിയും വിഷയുവുമൊക്കെ കാണും. പതിവു രാഷ്‌ട്രീയ ശൈലിയില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ടാവാം ജനങ്ങളതേറെ ഇഷ്ടപ്പെടുകയും ചെയ്തു.
വോട്ടര്‍മാരെ കാണുമ്പോള്‍ പുഞ്ചിരിതൂകി കൈകൂപ്പാന്‍ എത്ര ഓര്‍മിപ്പിച്ചാലും കുഞ്ഞബ്ദുള്ള മറക്കും. വലതുകൈയിലെപ്പോഴും ബ്രീഫ് കെയ്‌സും തൂക്കി നടക്കുന്നതുകൊണ്ടാണോ എന്നറിയില്ല കൈയുയര്‍ത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കണം. അങ്ങനെ പതിവുശീലങ്ങളൊക്കെ പതുക്കെ മാറി ഒരു രാഷ്‌ട്രീയക്കാരനാവുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുഞ്ഞബ്ദുള്ള തന്റെ സ്വന്തം തട്ടകത്തിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു.
എന്നാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞും അന്വേഷിച്ചും ഒരു തികഞ്ഞ ജനകീയനായാണ് കുഞ്ഞബ്ദുള്ള പെരുമാറിയത്. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയറിഞ്ഞും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയും തികഞ്ഞ സമചിത്തതയോടെ പെരുമാറാന്‍ പുനത്തിലിനു സാധിച്ചു. പൊടുന്നനെ കയറിവന്ന് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനാവാന്‍ പുനത്തിലിനായതും ഇതുകൊണ്ടൊക്കെത്തന്നെ.
( പുനത്തില്‍ കുഞ്ഞബ്ദുള്ള ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ബിജെപി നേതാവ് കെ.പി.ശ്രീശന്‍, പിന്നീടു പ്രസിദ്ധീകരിച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ )
















