കോട്ടയം: ശബരിമല തീര്‍ത്ഥാടനകാലത്തിന് തുടക്കമാകുന്നതോടെ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ സജ്ജമായി. മണ്ഡലകാലത്തെ തിരക്ക് കൈകാര്യം ചെയ്യാനും അന്യസംസ്ഥാന അയ്യപ്പ ഭക്തര്‍ക്ക് ഒരുക്കേണ്ട കൂടുതല്‍ സൗകര്യങ്ങളെക്കുറിച്ചും റെയില്‍വെ ഏരിയാ മാനേജര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനില്‍ പരിശോധന നടത്തി.
93 ലക്ഷം മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റെയില്‍വെ പില്‍ഗ്രിം ഷെല്‍റ്ററിന്റെ രണ്ട് ഹാളുകളും ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാണ്. കഴിഞ്ഞ സീസണില്‍ മുകളിലത്തെ നിലയിലെ ഹാളിന്റെ ഒരുഭാഗം മാത്രമാണ് പ്രവര്‍ത്തനസജ്ജമായിരുന്നത്. ഈ വര്‍ഷം മുകളിലത്തെ നിലയുടെ രണ്ടുഭാഗവും താഴത്തെ നിലയുടെ ഒരു ഭാഗവും പൂര്‍ണ്ണമായും പ്രവര്‍ത്തനസജജമാണ്. രണ്ടു നിലയിലുമായി ഒരേസമയം അഞ്ഞൂറോളം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും വിരിവെക്കുവാനുമുള്ള സൗകര്യമുണ്ട്.
ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ അയ്യപ്പഭക്തര്‍ക്ക് സഹായകരമായ വിധത്തില്‍ എല്ലാ ഭാഷയിലും നിര്‍ദ്ദേശങ്ങള്‍ എഴുതി വെയ്‌ക്കാനും അന്യഭാഷകള്‍കൂടി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. കൂടാതെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കൂടി ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ സ്ഥാപിക്കും. സീസണ്‍ സമയത്ത് റിസര്‍വേഷന്‍ കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ട്രെയിനുകളുടെ വരവും പോക്കും അറിയുവാനായി കോട്ടയത്ത് മൂന്ന് എല്‍ഇഡി ഡിസ്‌പ്ലേ സംവിധാനമാണ് ഉള്ളത്.
ഇത് ആറ് എണ്ണം കൂടി അധികമായി സ്ഥാപിക്കും. ഒന്നാം പ്ലാറ്റ്‌ഫോം അവസാനിക്കുന്ന രണ്ട് സൈഡിലുമായി നാല് ഡിസ്‌പ്ലേയും രണ്ടാം പ്ലാറ്റ് ഫോമിന്റെ മദ്ധ്യത്തിലായി രണ്ട് ഡിസ്‌പ്ലേയും സ്ഥാപിക്കും. കോട്ടയം റെയില്‍വെ സ്റ്റേഷന്റെ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമുകളില്‍ ഗ്രാനൈറ്റുകളും, ആന്റി സ്‌കിഡ് ടൈലുകളും പാകി ആറ് മാസത്തിനുള്ളില്‍ മനോഹരമാക്കും.
പാര്‍ക്കിങ് ഏരിയ വൃത്തിയാക്കി കുഴികള്‍ അടച്ച് കൂടുതല്‍ ലൈറ്റ് ഇടും. സിസിടിവി ക്യാമറ സംവിധാനം ഒരുക്കും. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം പുതിയ നിരക്കാണ് ഈടാക്കുന്നത്.
കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. ഈ അടുത്ത കാലത്ത് പാര്‍ക്കിങ് ഫീസായി 24 മണിക്കൂറിന് ശേഷം പിന്നീടുള്ള ഓരോ മണിക്കൂറും 24 മണിക്കൂറിന്റെ സ്ലാബുകളായി തിരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്. അതുമൂലം യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇനിമുതല്‍ 24 മണിക്കൂര്‍ സ്ലാബ് എന്നത് പന്ത്രണ്ട് മണിക്കൂര്‍ സ്ലാബായി മാറ്റം വരുത്തി.
ജോസ് കെ.മാണി എംപി, റെയില്‍വേ ഏരിയ മാനേജര്‍ ഹരികൃഷ്ണന്‍, അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ജെയിംസ്, സ്റ്റേഷന്‍ മാനേജര്‍ രാജന്‍ നൈനാന്‍, ഡെപ്യൂട്ടി മാനേജര്‍ സ്റ്റാന്‍സിലോസ് ആന്റണി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















