കൊല്ലം: മാലയില്‍ മലപ്പത്തൂര്‍ ഭൂമി തട്ടിപ്പില്‍ സുപ്രീംകോടതി വിധി ലംഘിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വൈകിപ്പിക്കാനുള്ള വിജിലന്‍സ് നീക്കത്തിനെതിരെ പശ്ചിമഘട്ട സംരക്ഷണസമിതിയുടേയും, കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടേയും, മാലയില്‍ മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നു. നവംബര്‍ എട്ടിന് സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
150 കോടി രൂപ വിലവരുന്ന 60 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് വ്യാജപ്രമാണം ഉണ്ടാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ഒത്താശയോടെ സ്വകാര്യവ്യക്തികള്‍ കൈയടക്കിയത്. കേരളം കണ്ട ഏറ്റവും വലിയ ഭൂമിതട്ടിപ്പെന്ന് വിജിലന്‍സ് വിശേഷിപ്പിക്കുന്ന സംഭവത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്.
കൊല്ലത്തു ലൈബ്രറിയില്‍ കൂടിയ സംഘടനകളുടെ അടിയന്തര എക്‌സക്യൂട്ടീവ് യോഗത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത്. ത്വരിത പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ ടീമിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് യോഗം സര്‍ക്കാരിനോട് അവശ്യപ്പെട്ടു.
മൂന്നാറിനേക്കാള്‍ വലിയ തട്ടിപ്പ് നടന്ന മാലയില്‍, അന്വേഷണം വൈകിപ്പിക്കുന്നത് രേഖകള്‍ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കും. ഇതിനാല്‍ എത്രയും പെട്ടന്ന് ഭൂമിതിരിച്ചു പിടിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്. ബാബുജി, റ്റി.കെ. വിനോദന്‍, അഡ്വ.വി.കെ. സന്തോഷ്‌കുമാര്‍, എ.എ. കബീര്‍, വെളിയം മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
















