തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയോട് അനുബന്ധിച്ചുള്ള റെയില്‍പ്പാത നിര്‍മാണത്തിനു പ്രധാന പരിഗണന നല്‍കുമെന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടക്കേ ഇന്ത്യയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന നാലുവരിപ്പാത പദ്ധതി പരിഗണനയിലാണ്.
എന്നാല്‍ കേരളത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള പ്രശ്‌നം പദ്ധതിയുടെ മുന്നോട്ടുപോക്കിനെ ബാധിച്ചേക്കും. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ വിഭജനം പരിഗണനയിലില്ലെന്നും പാസഞ്ചര്‍ അസോസിയേഷനുകള്‍ നല്‍കിയ നിവേദനങ്ങള്‍ ചെന്നൈ ഡിവിഷന് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ വികസനത്തില്‍ നേമം ടെര്‍മിനല്‍ നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതൊടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ നേമത്തേക്ക് നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ റെയില്‍വേ മാനേജര്‍ സുധാംശു മണി, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ബുട്ടാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















