തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ കറങ്ങിയ ഐജിക്കെതിരെ നടപടി തേടി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. ക്രൈംബ്രാഞ്ച് ഐജി ജയരാജന് എതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലില്‍ വച്ചായിരുന്നു സംഭവം. ഐജിയുടെ ഔദ്യോഗിക വാഹനം നിയന്ത്രണമില്ലാതെ അമിത വേഗത്തില്‍ പോകുന്നുവെന്ന വിവരം അഞ്ചല്‍ സ്റ്റേഷനില്‍ ലഭിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഐജിയുടെ വാഹനം തടഞ്ഞു നിര്‍ത്തി. പരിശോധനയില്‍ മദ്യ ലഹരിയില്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഡ്രൈവര്‍ സന്തോഷും ഐജി ജയരാജനും.
സ്‌റ്റേഷനില്‍ എത്തിച്ച ഇരുവരെയും ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇരുവരും മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞതോടെ ഡ്രൈവര്‍ സന്തോഷിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സന്തോഷിനെ ഐജി മനോജ് എബ്രഹാം സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഐജിക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെയാണ് ഡിജിപി നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഐജി ജയരാജന്‍ ഇത് രണ്ടാം തവണയാണ് മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ചതിന് നടപടി നേരിടുന്നത്. ജനശതാബ്ദി ട്രെയിനില്‍ യാത്രയ്‌ക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ നടപടി നേരിട്ടിട്ടുണ്ട്.
















