തിരുവനന്തപുരം: നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുമായി കൂടിക്കാഴ്‌ച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം ടെര്‍മിനലിനായി എംഎല്‍എ എന്ന നിലയ്‌ക്ക് താന്‍ പ്രയത്‌നിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിവേദനവും നേമം മണ്ഡലത്തിന്റെ വികസനങ്ങള്‍ക്കുള്ള നിവേദനവും ഒ. രാജഗോപാല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് നല്‍കി.
തലസ്ഥാനത്തെ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതല്‍ ട്രെയിനുകള്‍, സമയനിഷ്ഠ, സിഗ്നല്‍ സംവിധാനം എന്നിവ ഫലപ്രദമാകണമെങ്കില്‍ നേമം ടെര്‍മിനല്‍ വരേണ്ടത് അത്യാവശ്യമാണെന്ന് അശ്വനി ലൊഹാനി അറിയിച്ചതായി എംഎല്‍എ പറഞ്ഞു. ഭൂമി കണ്ടത്തേണ്ടതു സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തുനിന്ന് നേമം ടെര്‍മിനലിനെ റെയില്‍വേ വഴി ബന്ധിപ്പിക്കും.
എറണാകുളത്ത് ഗാന്ധിജി ഇറങ്ങിയ ആദ്യകാല റെയില്‍വേ സ്റ്റേഷനും പരിസരവും വികസിപ്പിക്കണം. ഇവിടെനിന്ന് കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങണം. സൗത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി പാത വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വികസനം അസാധ്യമാണ്. പഴയ ചരിത്രം ഉറങ്ങുന്ന സ്റ്റേഷനും അതിനോടനുബന്ധിച്ചു കിടക്കുന്ന 30 ഏക്കറോളം സ്ഥലവും ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ പ്രോജക്ടുകള്‍ തയ്യാറാക്കണമെന്നും ചെയര്‍മാനോട് ആവശ്യപ്പെട്ടതായി രാജഗോപാല്‍ പറഞ്ഞു.
നാഷണല്‍ റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിഅംഗം വി. ശിവന്‍കുട്ടി, ഡിആര്‍കെഎസ് (ബിഎംഎസ്) പ്രസിഡന്റ് വി.കെ. ബിജു, സെക്രട്ടറി ശരവണ്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















