കണ്ണൂര്‍: ‘വില്ലന്‍’ ആദ്യഷോ കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകന്‍, ചിത്രത്തിലം രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയിൽ പിടിയിലായി. വില്ലൻ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പോലീസിനെ അറിയിക്കുകയായിരുന്നു. മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണു കുടുങ്ങിയത്.
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ ഇന്നാണ് റിലീസ് ചെയ്തത്. രാവിലെ എട്ടിനു കണ്ണൂര്‍ സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു. നാനൂറോളം സീറ്റുള്ള തിയറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്.
അതിനിടയിലാണു യുവാവ് സ്റ്റണ്ട് രംഗത്തില്‍ ആവേശം മൂത്ത് മൊബൈലില്‍ പകര്‍ത്തിയത്. പടം വിതരണം ചെയ്യുന്ന മാക്സ് ലാബിന്റെ പ്രതിനിധി കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു.
















