ചെന്നൈ: ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂർ വൈദ്യുതശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകൾ.
അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടിൽ ഐ.വി.ശശിയുടെ മൃതദേഹം പൊതുദർശനത്തിന് വെയ്‌ക്കും. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും.
പ്രിയസംവിധായകന് യാത്രാമൊഴികളേകാന്‍ നിരവധി പേരാണ് ചെന്നൈയിലെ വീട്ടില്‍ എത്തുന്നത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എന്നാണ് ആദ്യം അറിയിച്ചതെങ്കിലും അദ്ദേഹത്തിന്റെ മകള്‍ ഇന്ന് ഉച്ചക്ക് എത്തുന്നതുകൊണ്ടാണ് സംസ്കാരച്ചടങ്ങുകൾ ഇന്നതന്നെ നടത്തുന്നത്.
നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്‌ക്ക് അന്തിമോപചാരമർപ്പിയ്‌ക്കാനെത്തുമെന്നാണ് കരുതുന്നത്. നേരത്തെ മോഹൻലാലും കമലഹാസനും മുതിർന്ന അഭിനേത്രി ശാരദയുമുൾപ്പടെ ഒട്ടേറെ പ്രമുഖർ ഐ.വി.ശശിയ്‌ക്ക് അന്ത്യാഞ്ജലികളർപ്പിയ്‌ക്കാനെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്‌ക്കാണ് അദ്ദേഹം അന്തരിച്ചത്.
















