കൊച്ചി: ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള മേല്‍ശാന്തി നിയമനങ്ങള്‍ക്ക് മലയാള ബ്രാഹ്മണരില്‍ നിന്നു മാത്രം അപേക്ഷ സ്വീകരിക്കുന്നതിനെതിരെ കോട്ടയം മൂലവട്ടം സ്വദേശി വിഷ്ണു നാരായണന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു.
സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനത്തിനു വേണ്ട യോഗ്യത തനിക്കുണ്ടെന്നും ഈഴവ സമുദായാംഗമായ ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.
2002 ലെ ആദിത്യന്‍ കേസില്‍ പൂജാരിമാരുടെയും ശാന്തിക്കാരുടെയും നിയമനങ്ങള്‍ക്ക് ജാതി, കുലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതനുസരിച്ച് ജാതി, കുലം എന്നീ വേര്‍തിരിവില്ലാതെ ശാന്തി നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ദേവസ്വം സെക്രട്ടറി 2014 ല്‍ വിവിധ ദേവസ്വം ബോര്‍ഡുകളിലെ കമ്മിഷണര്‍മാര്‍ക്ക് കത്തു നല്‍കിയിരുന്നു.
സുപ്രീംകോടതിയുത്തരവും സര്‍ക്കാരിന്റെ കത്തും മറികടന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദേവസ്വം കമ്മിഷണര്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനായി മലയാളി ബ്രാഹ്മണരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ശബരിമല മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനം റദ്ദാക്കണമെന്നും ഹിന്ദു മതത്തിലുള്‍പ്പെട്ട യോഗ്യരായ ആര്‍ക്കും മേല്‍ശാന്തി നിയമനത്തിന് അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിക്കണെമന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















