ന്യൂദല്‍ഹി: ജഡ്ജിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്ന രാജസ്ഥാന്‍ ക്രിമിനല്‍ നിയമഭേദഗതി ബില്‍ നിയമസഭാ സെലക്ട് കമ്മറ്റിക്ക് വിട്ടു.
ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വസുദ്ധരരാജ സിന്ധ്യെ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. നിയമസഭയില്‍ ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇറങ്ങിപ്പോക്ക് നടത്തി. പ്രതിപക്ഷത്തിന്റെ അഭിപ്രായവും കണക്കിലെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ അംഗങ്ങളാണ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ നിര്‍ദ്ദേശിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിയാണ് കമ്മറ്റിയുടെ അധ്യക്ഷന്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കുന്നത് വരെ വാര്‍ത്ത നല്‍കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും ബില്‍ വിലക്കേര്‍പ്പെടുത്തുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എ.കെ. ജയ്ന്‍ ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരി ഓര്‍ഡിനന്‍സിനെ പിന്തുണച്ചും രംഗത്തെത്തി.
















