കണ്ണൂര്‍: പ്രൈമറി ക്ലാസുകളിലെ ഹിന്ദി പഠനസമയം വര്‍ദ്ധിപ്പിക്കണമെന്ന് പ്രൈമറി സ്‌കൂള്‍ ഹിന്ദി അധ്യാപക സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ പ്രൈമറി ക്ലാസുകളില്‍ അഞ്ചാംതരത്തില്‍ ആഴ്ചയില്‍ രണ്ട് പീരിയഡും ആറ്, ഏഴ് ക്ലാസുകളില്‍ മൂന്ന് വീതം പീരിയഡുകളുമാണ് ഹിന്ദി പഠനത്തിനുള്ളത്. മാറിവരുന്ന പഠനബോധന രീതിയനുസരിച്ച് ഈ സമയം അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ പഠനസമയം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. എന്‍.പി.ഹേമന്ദ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഇ.എം.ലേഖ, വി.ധനരാജന്‍, കെ.പി.സുരേഷ് ബാബു, പി.ജയകൃഷ്ണന്‍ മാസ്റ്റര്‍, പി.വി.സുരേന്ദ്രനാഥ്, എന്‍.ഗീത, ടി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
















