പാലക്കാട്: ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാ സംഗമം 14ന് പാലക്കാട് നടക്കും. അധ്യാപിക-വഴികാട്ടുന്ന മാതൃത്വം എന്ന സന്ദേശമുയര്‍ത്തി നാളെ രാവിലെ 10ന് താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ വയലാര്‍ രാമവര്‍മയുടെ പത്‌നി ഭാരതി തമ്പുരാട്ടി ഭദ്രദീപം തെളിയിക്കും. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വനിതാ കണ്‍വീനര്‍ എന്‍.സത്യഭാമ അധ്യക്ഷത വഹിക്കും. 14 ജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട നാന്നൂറോളം അധ്യാപികമാര്‍ സംഗമത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സഭയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചറും, സ്വഭാവ രൂപീകരണത്തില്‍ അധ്യാപികമാരുടെ പങ്ക് എന്ന വിഷയത്തില്‍ ഹയര്‍സെക്കന്ററി മുന്‍ ഡയറക്ടര്‍ സി.പി.ചിത്രയും പ്രഭാഷണം നടത്തും. ചടങ്ങില്‍ ദേശീയ കായിക താരം പി.യു.ചിത്രക്ക് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് പ്രീജാശ്രീധരന്‍ ഉപഹാരം നല്‍കും.
സമാപന സമ്മേളനം എന്‍ടിയു ജനറല്‍സെക്രട്ടറി പി.എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ലഹരിഉപയോഗം, ദേശവിരുദ്ധത,ഭീകരവാദം എന്നിവയില്‍ നിന്നും കൗമാരക്കാരെ മോചിപ്പിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഭാരവാഹികളായ എം.ശിവദാസ്, പി.സുരേഷ്‌കുമാര്‍,കെ.കെ.രാജേഷ്,ആര്‍.വേണു,കെ.എം.ശ്രീധരന്‍,എ.ജെ.ശ്രീനി,ജി.മധുസൂദനന്‍നായര്‍, രാജേശ്വരി രാജേന്ദ്രന്‍,ഒ.ബി.ലീന തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍.വിനോദ്,ജന.സെക്രട്ടറി പി.എസ്.ഗോപകുമാര്‍,വൈസ് പ്രസിഡന്റ് എം.ശിവദാസ്, വനിതാ കണ്‍വീനര്‍ എന്‍.സത്യഭാമ, എം.ഗീത, തുടങ്ങിയവര്‍ പങ്കെടുത്തു.
















