തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി ക്രൈം ബ്രാഞ്ച് മേധാവി എ. ഹേമചന്ദ്രനെ നിയമിച്ച നടപടിക്കു പിന്നില്‍ പല ലക്ഷ്യം. ഇടതുപക്ഷ യൂണിയന്‍ നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങാതെ കര്‍ക്കശമായ തീരുമാനവുമായി മുന്നോട്ടുപോയതോടെയാണ് രാജമാണിക്യം പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായത്.
നവീകരണങ്ങളുടെ പേരില്‍ ഇടതു-വലതു യുണിയനുകളുമായി കൊമ്പുകോര്‍ത്ത രാജമാണിക്യത്തെ മാറ്റാന്‍ ആഗസ്റ്റ് അവസാനം തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പകരം ഉദ്യോഗസ്ഥനെ സംബന്ധിച്ച് ധാരണയിലെത്താത്തതിനാല്‍ തീരുമാനം നീളുകയായിരുന്നു.
അതേസമയം ക്രൈംബ്രാഞ്ച് തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി ഒതുക്കിയതിലൂടെ പിണറായി പ്രതികാരം ചെയ്യുകയായിരുന്നു. ഇപ്പോഴും സര്‍ക്കാരിനെതിരെ നിയമ പോരാട്ടത്തിലൂടെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചുവന്ന സെന്‍കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പോലീസിലെ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഹേമചന്ദ്രന്‍. പോലീസില്‍ ഐജി റാങ്കിലുള്ളവര്‍ മാത്രമാണ് ഇതിന് മുമ്പ് കെഎസ്ആര്‍ടിസി എംഡിയായിട്ടുള്ളത്. ഡിജിപി റാങ്കുകാര്‍ക്ക് ഒരിക്കലും നല്‍കാത്ത പദവിയിലേക്കാണ് ഹേമചന്ദ്രന്‍ നിയമിതനായിരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോട് നിഷ്പക്ഷമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥന് പ്രഹരം നല്‍കിയ പേരില്‍ പിണറായിക്ക് വോട്ട് ബാങ്ക് ഭദ്രമാക്കാം.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരിലെ ശിക്ഷാനടപടിയെന്ന നിലയിലാണു ഹേമചന്ദ്രനെ പോലീസില്‍ നിന്നു മാറ്റി കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചതെന്ന് സര്‍ക്കാര്‍ പറയാതെ പറയുമ്പോഴും പിന്നില്‍ നിശബ്ദമായ അജണ്ടകള്‍ സര്‍ക്കാര്‍ നടപ്പിലാകുന്നു എന്നത് വ്യക്തമാക്കുകയാണ്.
സോളാര്‍ റിപ്പോര്‍ട്ടില്‍ കലങ്ങിമറിയുന്ന അന്തരീക്ഷത്തില്‍ രാജമാണിക്യത്തെ ഒഴിവാക്കിയത് ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇതായിരുന്നു സര്‍ക്കാരിന്റെ ആവശ്യവും. രാജമാണിക്യത്തിനു പകരം ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോഴോ വാര്‍ത്താക്കുറിപ്പിലോ രാജമാണിക്യത്തെ മാറ്റിയ കാര്യം പരാമര്‍ശിച്ചില്ല. പകരം, ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയാക്കി എന്നു മാത്രമാണു മുഖ്യമന്ത്രി അറിയിച്ചത്.
















