ന്യൂദല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ച സംഭവം എഐസിസി വിലയിരുത്തും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഗുജറാത്ത് പര്യടനത്തിന് ശേഷം ഇന്ന് ദല്‍ഹിയില്‍ മടങ്ങിയെത്തുന്ന രാഹുല്‍ കൂടുതല്‍ കേരള നേതാക്കളുമായി വിഷയം സംസാരിക്കുമെന്നും സൂചനയുണ്ട്. രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചയ്‌ക്ക് ചെന്നിത്തല സമയം തേടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ എന്നിവര്‍ കേന്ദ്ര നേതൃത്വവുമായി സംസാരിക്കും. ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വ്യാപകമായി കേസെടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടയാണെന്ന നിലപാടിലാണ് കെപിസിസി.
ബുധനാഴ്ച നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അന്നേ ദിവസം തന്നെ റിപ്പോര്‍ട്ടിന്മേല്‍ നടപടി പ്രഖ്യാപിച്ചതെന്നും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡ് വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ന് രമേശ് ചെന്നിത്തല ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം റിപ്പോര്‍ട്ട് രാഷ്‌ട്രീയപ്രേരിതമല്ലെന്ന് സോളാര്‍ കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു. ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചത്. ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെട്ടതെല്ലാം കമ്മിഷന്‍ പരിശോധിച്ചു. ടേംസ് ഓഫ് റഫറന്‍സില്‍ സരിത കേന്ദ്ര ബിന്ദുവല്ലായിരുന്നുവെന്നും കമ്മിഷന്‍ സെക്രട്ടറി പറഞ്ഞു. റിപ്പോര്‍ട്ട് ആദ്യം നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















