പയ്യാവൂര്‍: വിളവ് മെച്ചപ്പെടുത്താനും പഴുത്ത കായ്‌കള്‍ വേഗത്തില്‍ കേടാകാതിരിക്കാനും വാഴക്കുലകളില്‍ നേരിട്ടുള്ള വിഷപ്രയോഗം നടത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പച്ചക്കറികളടക്കമുള്ള ഭക്ഷ്യ വിളകള്‍ക്ക് പൊതുവേ ജൈവകൃഷി രീതി അവലംബിച്ചു വരുന്നതായി കരുതപ്പെടുന്ന മലയോര മേഖലയിലാണ് അധികമാരും അറിയപ്പെടാത്ത ഈ വിഷപ്രയോഗം വെളിപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ പച്ചക്കറി ഉത്പാദകര്‍ സ്വന്തം ആവശ്യത്തിനുള്ളവയില്‍ ഒഴിവാക്കുന്ന വിഷപ്രയോഗം വില്‍പ്പനയ്‌ക്കായി കൃഷി ചെയ്യുന്നവയില്‍ വന്‍തോതിലാണ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.ഇതേ രീതി തന്നെയാണിവിടെയും അനുവര്‍ത്തിച്ചു വരുന്നത്. പയ്യാവൂര്‍ പഞ്ചായത്തില്‍ ഏറ്റുപാറയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വില്‍പ്പനയ്‌ക്കായി ഉദ്പാദിപ്പിക്കുന്ന ‘റോബസ്റ്റ ‘ഇനത്തില്‍ പെട്ട വാഴക്കുലകളിലാണ് ‘ഫ്യൂറഡാന്‍ ത്രീജി ‘ എന്ന മാരക വിഷം പ്രയോഗിക്കുന്നത്. കുലയുടെ കൂമ്പ് (കുടപ്പന്‍) അടര്‍ത്തി മാറ്റിയ ഭാഗത്ത് തണ്ടില്‍ വിഷം ചേര്‍ത്ത് വിഷം തുണിയില്‍ പൊതിഞ്ഞു കെട്ടി വയ്‌ക്കുകയാണ് ചെയ്യുന്നത് .ഇതോടെ കായ്‌കള്‍ ഉരുണ്ടു തടിച്ച് വളരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിഷം പ്രയോഗിക്കാത്ത സാധാരണ കുലകള്‍ മൂത്തുപഴുത്ത ശേഷം രണ്ടോ, മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കായ്‌കള്‍ തണ്ടില്‍ നിന്ന് അടര്‍ന്ന് വീഴാറുണ്ട്. എന്നാല്‍ വിഷപ്രയോഗം നടത്തിയ കുലകളിലെ കായ്‌കള്‍ പഴുത്ത് ദിവസങ്ങള്‍ കഴിഞ്ഞാലും കുലയില്‍ നിന്ന് അടര്‍ന്നു വീഴുകയോ, കേടാവുകയോ ചെയ്യാറില്ലെന്ന് വ്യാപാരികളും പറയുന്നു.
















