ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് എംപി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചു. ഇന്നലെ ഉച്ചയോടെ രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് നല്‍കി.
വേദനയോടെയാണ് രാജിവെക്കുന്നതെന്നും രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നും റോയ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ആറ് വര്‍ഷത്തേക്ക് കഴിഞ്ഞ മാസം തൃണമൂല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രവര്‍ത്തകരാണ് പാര്‍ട്ടികളിലുള്ളത്, പരിചാരകരല്ല. എന്നാല്‍ ഒരാളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ഇങ്ങനെ പ്രതീക്ഷിക്കാനാകില്ല. മമതയെ ലക്ഷ്യമിട്ട് റോയ് പറഞ്ഞു.
തൃണമൂലില്‍ മമതയുടെ വലംകയ്യായിരുന്ന റോയ് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയ നടപടിയില്‍ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. തൃണമൂല്‍ സ്ഥാപകാംഗമായ റോയ് പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ അറിയാവുന്ന നേതാവാണ്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തൃണമൂലിന്റെ അടിത്തറയിളക്കാന്‍ അദ്ദേഹത്തിനാവുമെന്നാണ് നേതാക്കളുടെ ഭയം.
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബിജെപി ദേശീയ ജറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയ എന്നിവരുമായി റോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. റോയ് ഊതിവീര്‍പ്പിച്ച ബലൂണാണെന്നും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം അവസാനിക്കാന്‍ പോവുകയാണെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു.
















