കൊച്ചി : തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിനെക്കുറിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ലൗ ജിഹാദിന്റെ ഇരയായ തനിക്ക് ഈ കേസില്‍ കൂടുതല്‍ വസ്തുതകള്‍ വിശദീകരിക്കാനാവുമെന്നും വ്യക്തമാക്കി ഒറ്റപ്പാലം സ്വദേശിനി ആതിര ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷം പിന്നീട് ഹിന്ദുമതത്തിലേക്ക് മടങ്ങിയ ആതിര വിവാദ യോഗ സെന്ററുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി റിന്റോ ഐസക്ക് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം. മതം മാറ്റി ആളുകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സത്യസരണിയില്‍ കൊണ്ടുപോയാണ് തന്നെ ചിലര്‍ മതം മാറ്റിയത്.
പിന്നീട് യോഗ സെന്ററിലെ ക്ലാസുകളില്‍ പോയതോടെയാണ് സനാതന ധര്‍മ്മത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്നും വിവാദ യോഗ സെന്ററിലും സത്യസരണിയിലും അന്തേവാസിയായിരുന്ന തനിക്ക് അന്വേഷണ ഏജന്‍സിക്കും കോടതിക്കും പ്രയോജനകരമായി നിരവധി കാര്യങ്ങള്‍ വ്യക്തമാക്കാനാവുമെന്നും ആതിരയുടെ അപേക്ഷയില്‍ പറയുന്നു.
ഭാര്യ ഡോ. ശ്വേതയെ ബന്ധുക്കള്‍ തടവിലാക്കിയെന്നും മോചിപ്പിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് റിന്റോ ഐസക്ക് നല്‍കിയ ഹേബിയസ് ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഹര്‍ജി നിലനില്‍ക്കെ വീട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട് ശ്വേത റിന്റോയുടെ അടുത്ത് എത്തിയിരുന്നു. വിവാദ യോഗ സെന്ററില്‍ നിന്ന് തനിക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വന്നെന്ന് ശ്വേത കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
















