കൊച്ചി: ജിഹാദികളോട് കേരള സര്‍ക്കാരിന് മൃദുസമീപനം ആണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ജനരക്ഷാ യാത്രയില്‍ തൃശൂര്‍ ജില്ലയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ലൗവ് ജിഹാദിനെതിരെയും വിധിയുടെ പേരില്‍ ഹൈക്കോടതിക്കെതിരെയും ധര്‍ണ നടത്തിയവരുടെ പേരില്‍ യാതൊരു നടപടിയും കേരളത്തല്‍ ഉണ്ടാകുന്നില്ല. ലൗ ജിഹാദ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നേരിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തില്‍ രാഷട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാനുളള നടപടി സ്വീകരിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എല്ലാ അക്രമങ്ങളിലും ഒരു ഭാഗത്ത് സിപിഎമ്മാണ്. സമാധാനം ഉണ്ടാക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വം ഉണ്ടെങ്കിലും ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്‌ക്ക് സിപിഎമ്മിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ട്. പിണറായി വിജയന്‍ സമാധാനം ഉണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങിയാല്‍ ബിജെപി സഹകരിക്കാന്‍ തയ്യാറാണ്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അപചയം ദയനീയമാണ് അതുകൊണ്ട് വ്യാജ പ്രചരണങ്ങളുമായി രാഹുല്‍ഗാന്ധിയും കുട്ടരും ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്റെ മകന്‍ ജയ് ഷാ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നാല്‍ ആസൂത്രിത ഗൂഢാലോചനയിലൂടെ അഴിമതി ആരോപണം കെട്ടിച്ചമക്കുകയാണ്. ഇതിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
അഴിമതി കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ഗാന്ധിക്ക് ഇത്തരം ആരോപണം ഉന്നയിക്കാന്‍ ധാര്‍മിക അവകാശമില്ല. സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെയും കുടുംബത്തിന്റെയും അഴിമതി കേസുകളെക്കുറിച്ച് രാഹുല്‍ ഗാന്ധി മറക്കരുതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പത്രസമ്മേളനത്തല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
















