കരുനാഗപ്പള്ളി: അണ്ണാറക്കണ്ണന് ശ്രീരാമഭഗവാനില്‍ നിന്ന് ലഭിച്ച തലോടല്‍ പോലെയാണ് തനിക്കു ലഭിച്ച അമൃതകീര്‍ത്തി പുരസ്‌കാരമെന്ന് കൊടുങ്ങല്ലൂര്‍ വിവേകാനന്ദവേദിക് വിഷന്‍ അദ്ധ്യക്ഷ ഡോ. എം. ലക്ഷ്മി കുമാരി.
മാതാഅമൃതാനന്ദമയീദേവിയുടെ പിറന്നാള്‍ വേളയില്‍ അമൃതകീര്‍ത്തി പുരസ്‌കാരം കേന്ദ്രമന്ത്രി ജുവല്‍ ഓറമില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. അമ്മ തീര്‍ക്കുന്ന മഹാസേതുവില്‍ ആ അണ്ണാറക്കണ്ണനെപ്പോലെ ഏതാനും മണ്‍തരികള്‍ ഞാനും അര്‍പ്പിച്ചു. അത് അമ്മ തിരിച്ചറിഞ്ഞു എന്നതാണ് മഹത്വമെന്ന് ലക്ഷ്മി കുമാരി പറഞ്ഞു.
സ്വാമി വിവേകാനന്ദനെ തനിക്കു മുന്നില്‍ അവതരിപ്പിച്ച അച്ഛന്‍, വിവേകത്തിന്റെ വെളിച്ചം പകര്‍ന്ന അമ്മ, സ്വീകരിച്ച വഴിയില്‍ ഒപ്പം നിന്ന കുടുംബാംഗങ്ങള്‍, സ്വാമി ആഗമാനന്ദ, രംഗനാഥാനന്ദ്ജി, ചിന്മയാനന്ദസ്വാമികള്‍, ഭൗതികതയുടെ കുഴികളില്‍ വീണുപോകാതെ താങ്ങി ഉയര്‍ത്തിയ ഏകനാഥ റാനഡെ തുടങ്ങി എല്ലാവരുമായി പങ്കുവെക്കേണ്ടതാണ് ഈ പുരസ്‌കാരമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
















