മൂവാറ്റുപുഴ: ക്ഷീര വകുപ്പ് മുന്‍ ഡയറക്ടര്‍ കെ.ടി. സരോജനിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ ഉത്തരവിട്ടു. 11ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലെ സിറ്റിങ്ങില്‍ കെ.ടി സരോജനിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഉപ ലോകായുക്ത ഉത്തരവ് നല്‍കിയത്.
കുറവിലങ്ങാട് വിലങ്ങുപാറയില്‍ ജോജോ ജോസഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അടച്ചുപൂട്ടിയ കോട്ടയം മില്‍ക്ക് സപ്ലേ യൂണിയന് 40,42, 000 രൂപ സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് അനുവദിപ്പിക്കുകയും ആ തുക പത്തു വര്‍ഷത്തിനു മേല്‍ സൂക്ഷിക്കുകയും ചെയ്തു എന്നതാണ് പ്രധാന പരാതി.
വയനാട്ടില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കോട്ടയം ഡയറി ഡെപ്യൂട്ടി ഡയറക്ടര്‍ ടോം സി.ആന്റണി, അസി. ഡയറക്ടമാരായ ജോസഫ് കുര്യന്‍ , വി.പി. സുരേഷ് കുമാര്‍, ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍ ജോണ്‍ തോമസ് എന്നിവര്‍ സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച പരാതിയില്‍ നടപടി സ്വീകരിച്ചില്ല എന്നതാണ് മറ്റൊരാരോപണം. നെടുങ്കണ്ടം ഡയറി ലബോറട്ടറി അസി. ഡയറക്ടറായിരുന്ന രാജന്‍ ജോസഫ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടും നടപടി എടുത്തില്ല എന്നതാണ് അടുത്ത ആരോപണം.
















