മലപ്പുറം: ചുവപ്പ് ജിഹാദി ഭീകരതയുടെ വിളനിലയമായ മലപ്പുറത്തിന്റെ വിരിമാറിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര കടന്നുപോയപ്പോള്‍ ചിലര്‍ക്കെങ്കിലും പകര്‍ന്നുകിട്ടിയത് പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്.
ഭീകരതയെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തിലൂടെ തോല്‍പ്പിക്കാനുള്ള ഉദ്യമത്തിന് ജാതിമതഭേദമന്യേ ജനങ്ങള്‍ അനുഗ്രഹം ചൊരിഞ്ഞു. കാലങ്ങളായി മലപ്പുറത്തിന്റെ സമാധാനം നശിപ്പിക്കുന്ന ജിഹാദി ഭീകരര്‍ക്കും അവരെ സംരക്ഷിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഒരു വലിയ പ്രതിഷേധജ്വാല ഉയരുന്നുവരുന്നതിന്റെ ആത്മവിശ്വാസമായിരുന്നു വഴിയോരങ്ങളില്‍ കാത്തുനിന്ന ഓരോരുത്തരുടെയും കണ്ണുകളില്‍ വെള്ളിവെളിച്ചമായി തെളിഞ്ഞത്. രാമസിംഹന്‍ മുതല്‍ ആലത്തിയൂരിലെ വിപിന്‍വരെയുള്ളവരുടെ ജീവനെടുത്ത രക്തദാഹികളുടെ അവിശുദ്ധകൂട്ടുകെട്ട് തകര്‍ക്കാന്‍ തങ്ങളോടൊപ്പം ദേശീയ പ്രസ്ഥാനമായ ബിജെപിയുമുണ്ടെന്ന പ്രതീക്ഷ മലപ്പുറത്തിന് പുതിയൊരു ഊര്‍ജ്ജമാണ് സമ്മാനിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. ജനരക്ഷായാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് വേങ്ങരയിലേക്ക് ഒഴുകിയെത്തിയത്. ചുവപ്പ് ജിഹാദി ഭീകരതയുടെ കൊലക്കത്തിക്ക് ഇരയായ പതിനഞ്ചോളം പേരുടെ ചിത്രം വേദിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ധീരബലിദാനികളുടെ ഓര്‍മ്മക്ക് മുന്നില്‍ ഒരു നിമിഷം കണ്ണുനിറഞ്ഞെങ്കിലും, തിങ്ങിനിറഞ്ഞ സദസ്സ് ഒന്നടങ്കം വര്‍ഗ്ഗീയതയെ മതഭ്രാന്തിനെ മാതാന്ധതയെ തൂത്തെറിയാനുള്ള പ്രതിജ്ഞ ഒരേ മനസ്സോടെ ഏറ്റെടുത്തു.
പിന്നീട് കുറ്റിപ്പുറത്ത് നിന്ന് എടപ്പാളിലേക്ക് നടന്ന പദയാത്രയിലെ ജനപങ്കാളിത്തവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സമാധാനം നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപിയോടൊപ്പം അണിനിരക്കുന്ന കാഴ്ച. ഇടതും വലതുമല്ലാതെ ദേശസ്‌നേഹവും നന്മയുമുള്ള ദേശീയതയിലൂന്നിയ മറ്റൊരുപക്ഷം ജനിക്കുകയാണ് ജനരക്ഷായാത്രയിലൂടെ.
















