ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനില്‍കുമാര്‍, ബിജി, വിജയകുമാരി, പ്രണോയ്
ചേര്‍ത്തല: സിപിഐ എല്‍സി സെക്രട്ടറിയുടെ വീടിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം, സ്ത്രീകളുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കണ്ണാര്‍കാട് മീനച്ചല്‍വെളി അനില്‍കുമാര്‍(51), ഭാര്യ ബിജി(40), സഹോദരന്‍ വിമല്‍കുമാറിന്റെ ഭാര്യ വിജയകുമാരി(45), മകന്‍ പ്രണോയി(22) എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറിയാണ് അനില്‍കുമാര്‍. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സാംജിയുടെ നേതൃത്വത്തില്‍ ആയുധങ്ങളുമായി എത്തിയ ഇരുപതോളം പേരാണ് അക്രമം നടത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. പ്രണോയിയുടെ സഹോദരന്‍ വിഷണുവിനെ തേടിയാണ് സംഘം എത്തിയത്. വിഷ്ണുവിനെ തല്ലുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്.
പ്രണോയിയുടെ കൈകള്‍ പിന്നില്‍ കെട്ടിയശേഷം ഇരുമ്പ് പൈപ്പിന് തലക്കും ശരീരത്തും അടിക്കുകയായിരുന്നു. തടഞ്ഞ അനില്‍കുമാറിനെയും ഗുണ്ടകള്‍ പൊതിരെ തല്ലി. ഓടിയെത്തിയ വിജയകുമാരിയുടെ മുതുകില്‍ വടിവാളിന് വെട്ടുകയും നടുവിന് തൊഴിക്കുകയും ചെയ്തു. ബിജിയെയും അക്രമികള്‍ വെറുതെ വിട്ടില്ല.
അക്രമിസംഘം വീടിനോട് ചേര്‍ന്ന ഷെഡും വേലിയും തകര്‍ത്തു. സിപിഐയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതാണ് ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. മാരാരിക്കുളം പോലീസ് കേസെടുത്തു.
















