ന്യൂദല്‍ഹി: റെയില്‍വെയിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍. യുക്തിസഹമല്ലാത്ത പ്രോട്ടോക്കോളുകളും ഉദ്യോഗസ്ഥ മേധാവിത്വവും പിഴുതെറിയാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്റെയും ബോര്‍ഡ് അംഗങ്ങളുടെയും സോണല്‍ സന്ദര്‍ശന വേളയില്‍ ജനറല്‍ മാനേജര്‍മാര്‍ ഹാജരാകണമെന്ന പ്രോട്ടോക്കോള്‍ മന്ത്രാലയം റദ്ദാക്കി. 36 വര്‍ഷത്തെ കീഴ്‌വഴക്കമാണ് അവസാനിപ്പിച്ചത്.
1981ല്‍ ഇറക്കിയ സര്‍ക്കുലര്‍ ഇനി പിന്തുടരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം ഉത്തരവിറക്കി. ചെയര്‍മാനോ ബോര്‍ഡ് അംഗങ്ങളോ വരുമ്പോഴും പോകുമ്പോഴും റെയില്‍വേ സ്റ്റേഷനിലോ വിമാനത്താവളങ്ങളിലോ ജനറല്‍ മാനേജര്‍മാര്‍ ഹാജരാകണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം.
ജീവനക്കാരെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30,000 ജീവനക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതൊഴിവാക്കി മടങ്ങിയെത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴായിരത്തോളം പേര്‍ ജോലിയില്‍ തിരിച്ചെത്തി. മുഴുവന്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്ന് റെയില്‍വെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഒരിടത്തും ബൊക്കെയോ മറ്റ് സമ്മാനങ്ങളോ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലഹാനി പറഞ്ഞു.
ഓഫീസുകളില്‍ മാത്രമല്ല, വീടുകളിലും ഇത് പാലിക്കണം. ഉദ്യോഗസ്ഥരുടെ ആഡംബര യാത്രകള്‍ക്കെതിരെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും രംഗത്തെത്തി. സ്ലീപ്പര്‍, തേര്‍ഡ് എസി എന്നിവയില്‍ മറ്റ് യാത്രക്കാരുമായി ഇടപഴകി വേണം ഉദ്യോഗസ്ഥര്‍ യാത്ര നടത്താനെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
















