കരുനാഗപ്പള്ളി: കാരുണ്യത്തിന്റെ അമൃതപ്രവാഹമായ മാതാ അമൃതാനന്ദമയിദേവിയുടെ 64-ാം ജന്മദിനാഘോഷങ്ങള്‍ ഇന്ന് നടക്കും. പിറന്നാള്‍ ദിനത്തില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് പുറമെ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍, സന്ന്യാസിവര്യന്മാര്‍, മത-സാമൂഹിക-സാംസ്്കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി നിരവധി പേരാണ് എത്തിച്ചേരുന്നത്.
പിറന്നാള്‍ ആഘോഷം അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസിലാണ് നടത്തപ്പെടുന്നത്. പതിനായിരക്കണക്കിന് ഇരിപ്പിടങ്ങളാണ്‘ഭക്തര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പടുകൂറ്റന്‍ പന്തല്‍ ഉയര്‍ന്നുകഴിഞ്ഞു.
പുലര്‍ച്ചെ മഹാഗണപതി ഹോമത്തൊടെയാണ് ജന്മദിന ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് സത്‌സംഗം. ശേഷം ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടി. 9ന് സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തില്‍ ശിഷ്യര്‍ ഗുരുപാദപൂജ നടത്തും. തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കും. ജന്മദിനസമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും ധര്‍മ്മാചാര്യന്മാരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം കൊടുങ്ങല്ലൂര്‍ ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അദ്ധ്യക്ഷ ഡോ: എം. ലക്ഷ്മികുമാരിക്ക് സമ്മാനിക്കും.
കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജുവല്‍ ഒറാം, സത്യപാല്‍ സിങ്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍, സംസ്ഥാന തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കര്‍ണാടക ഫിഷറീസ് മന്ത്രി പ്രമോദ് മാധ്വരാജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ സുരഷ്‌ഗോപി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, എംഎല്‍എമാരായ ഒ. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. ജോര്‍ജ്ജ്, വി.എസ്. ശിവകുമാര്‍, ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ശ്യാം ജെജു, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
















