ന്യൂദല്‍ഹി: ന്യൂദല്‍ഹി: കാര്‍ത്തി ചിദംബരത്തിന് വിദേശയാത്ര അനുവദിക്കരുതെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കാന്‍ കാര്‍ത്തി ചിദംബരം വിദേശ യാത്രകളില്‍ ശ്രമിച്ചതായും സിബിഐ അറിയിച്ചു.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഈ സമയത്ത് അഴിമതിക്കേസില്‍ തനിക്കെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ കാര്‍ത്തി ശ്രമിച്ചു. ഈ സാഹചര്യത്തില്‍ കാര്‍ത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടതിനെതിരെയാണ് കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
എയല്‍സെല്‍ മാക്‌സിസ് അഴിമതിയിലൂടെ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച് കാര്‍ത്തി 14 രാജ്യങ്ങളില്‍ സ്വത്ത് വാങ്ങിയെന്നാണ് ദ പയനിയര്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടു ജി സ്‌പെക്ട്രം സംബന്ധിച്ച് കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതും ദ പയനിയറാണ്.
പതിനാല് രാജ്യങ്ങളില്‍ കാര്‍ത്തിക്കുള്ളസാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ക്കായി ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ വിദേശങ്ങളിലെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡുകളില്‍ ചിദംബരത്തിന്റെ മകന്റെ സാമ്രാജ്യം പുറത്ത് എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത.
എയര്‍സെല്‍ മാക്‌സിസ് ഇടപാടു വഴി കാര്‍ത്തി വലിയ തോതില്‍ പണമുണ്ടാക്കിയെന്നും ആരോപണമുണ്ട്. പിതാവിന്റെ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിച്ചെന്നാണ് ആരോപണം.
















