പാനൂര്‍: കയ്യേറ്റ സ്ഥലത്ത് രക്തസാക്ഷി സ്മാരകം പണിഞ്ഞ് സിപിഎം നേതൃത്വം. പാനൂരിനടുത്ത് കിഴക്കെചമ്പാട് കുന്നോത്തുപീടികയിലാണ് അനധികൃതമായി സ്ഥലം കയ്യേറി രാജു മാസ്റ്റര്‍ സ്മാരകമന്ദിരം എന്ന അവകാശവുമായി സിപിഎം രംഗത്തെത്തിയിട്ടുളളത്. കഴിഞ്ഞ ദിവസം ഇവിടെ ഉയര്‍ത്തിയ താല്‍ക്കാലിക ഷെഡും മറ്റും ഇരുട്ടിന്റെ മറവില്‍ അജ്ഞാതസംഘം തകര്‍ത്തിരുന്നു. ഇതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന നുണപ്രചരണവുമായി സിപിഎം രംഗത്തു വരികയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു.
1977ല്‍ ശ്രീനാരായണ മഠത്തിനു വേണ്ടി ശ്രീനാരായണീയരായ പുളിഞ്ഞോളി ബാലന്‍, കൂലോത്ത് ബാലന്‍, മുകുന്ദന്‍ ,കൊച്ച ബാലന്‍ എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലമാണ് ഇവിടം. ഇതില്‍പ്പെട്ട പുളിഞ്ഞോളി ബാലനെ 1999ല്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 1978ല്‍ രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനായ എട്ടുവീട്ടില്‍ രാജുമാസ്റ്റര്‍ കൊല്ലപ്പെടുകയും ശ്രീനാരായണ മഠത്തിന്റെ സ്ഥലം കയ്യേറി മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. ഇതിനെതിരെ പുളിഞ്ഞോളി ബാലനും കൊച്ചബാലനും കോടതിയെ സമീപിക്കുകയും രാജുമാസ്റ്ററെ മറവു ചെയ്തത് അനധികൃതമായി സ്ഥലം കയ്യേറിയാണെന്ന് കോടതി വിധിയുണ്ടാകുകയും ചെയ്തു. മറവു ചെയ്ത സ്ഥലത്തു നിന്നും ശരീരാവശിഷ്ടങ്ങളടക്കം നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് ഒരു കൊടിപോലും സ്ഥാപിക്കരുതെന്ന നിര്‍ദ്ദേശവും കോടതില്‍ നിന്നുമുണ്ടായിരുന്നു. സിപിഎം കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി അപ്പീല്‍ തളളുകയായിരുന്നു.
വര്‍ഷങ്ങളായി നടന്ന നിയമ പോരാട്ടത്തിനു നേതൃത്വം നല്‍കിയ ബിജെപി പെരിങ്ങളം മണ്ഡലം ട്രഷറര്‍ കൂടിയായ പുളിഞ്ഞോളി ബാലനെ സിപിഎം സംഘം കൊലപ്പെടുത്തിയതോടെയാണ് കൊടി നാട്ടുകയും ശരീരാവശിഷ്ടങ്ങള്‍ കോടതി ഇടപ്പെട്ട് മാന്തിയെടുത്ത സ്ഥലം രക്തസാക്ഷി മണ്ഡപമാണെന്ന നുണയുമായി സിപിഎം രംഗത്തെത്തിയത്. പുളിഞ്ഞോളി ബാലന്റെ കൊലപാതകത്തോടെ ശ്രീനാരായണമഠം കമ്മറ്റിഅംഗങ്ങളും ഭയന്ന് നിശബ്ദരായി. രാജു മാസ്റ്റര്‍ സ്മാരകമെന്ന് അവകാശവാദമുന്നയിക്കുന്ന സിപിഎം ഇവിടെ കെട്ടിടം ഉയര്‍ത്താന്‍ തയ്യാറാകാത്തതും താല്‍ക്കാലിക ഷെഡ് കെട്ടി ഉയര്‍ത്തുന്നതും സ്ഥലം കയ്യേറ്റത്തെ സാധൂകരിക്കുന്നതാണ്. ശ്രീനാരായണ മഠത്തിന്റെ ലക്ഷങ്ങള്‍ വിലമതിപ്പുളള റോഡരികിലെ സ്ഥലം കയ്യേറ്റത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
















