കൊല്‍ക്കത്ത: ഫിഫ അണ്ടര്‍-17 ലോകകപ്പിനുളള ചിലി, ജര്‍മന്‍ ടീമുകള്‍ ഇന്നലെ എത്തി. ചിലി കൊല്‍ക്കത്തയിലും ജര്‍മനി ഗോവയിലും വിമാനമിറങ്ങി.ആറു വേദികളിലായി അരങ്ങേറുന്ന ലോകകപ്പ് വെള്ളിയാഴ്ച ആരംഭിക്കും.
കോച്ച് ഹെര്‍നാന്‍ കപൂതോയ്‌ക്കും സഹ പരിശീലകര്‍ക്കുമൊപ്പമാണ് 21 അംഗ ചിലി ടീം രാവിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നേരെ ഹോട്ടിലേയ്‌ക്ക് പോയി.
പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എഫിലാണ് ചിലി മത്സരിക്കുന്നത്. ഇംഗ്ലണ്ട്, ഇറാക്ക്, മെക്‌സിക്കോ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
നാട്ടിലെ അവസാന പരിശീലന മത്സരത്തില്‍ ബൊളീവിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ കരുത്തുമായാണ് ചിലി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്.
ഇത് നാലാം തവണയാണ് ചിലി ലോകകപ്പില്‍ മത്സരിക്കുന്നത്.കഴിഞ്ഞ തവണ ആതിഥേയരായി ലോകകപ്പില്‍ മത്സരിച്ചു.പ്രീ- ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.
1993 ല്‍ ജപ്പാനിലാണ് ചിലി ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയത്. ഏവരെയും അത്ഭുതപ്പെടുത്തി അന്ന് അവര്‍ മൂന്നാം സ്ഥാനം പിടിച്ചെടുത്തു. ലോകകപ്പില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
കൊല്‍ക്കത്തിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിലി എട്ടിന് ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കും.
20 അംഗ ജര്‍മന്‍ ടീമാണ് ഇന്നലെ ഗോവയില്‍ എത്തിയത്. അവരുടെ ക്യാപ്റ്റന്‍ ജാന്‍ ഫീറ്റേ ആര്‍പ് എത്തിയിട്ടില്ല. ഒന്ന് രണ്ട് ദിവസത്തിനുളളില്‍ ജാന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
ജര്‍മനി ഇതുവരെ ഒമ്പതു തവണ ലോകകപ്പ് കളിച്ചിട്ടുണ്ട്. 1985 ലെ ആദ്യ ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടി.2007,2011 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനക്കാരായി.1997 ല്‍ നാലാം സ്ഥാനം നേടി. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റു.
ഇത്തവണ ജര്‍മനി ഗ്രൂപ്പ് സിയിലാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച അവര്‍ കോസ്റ്ററിക്കയെ നേരിടും. ഇറാന്‍, ഗ്യൂനിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
















