ഇരിട്ടി: ആറളം മേഖലയില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും കൊടിമരങ്ങള്‍ നശിപ്പിക്കുകയും സിപിഎം ഓഫീസ് കാരിയോയില്‍ ഒഴിച്ച് വികൃതമാക്കുകയും ബിജെപിയുടെ പറിച്ചെടുത്ത കൊടികള്‍ മുസ്ലീം പള്ളിപ്പറമ്പില്‍ കൊണ്ടിട്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആറളം എസ്‌ഐ പി.സജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈ മേഖലയിലെ സജീവ പ്രവര്‍ത്തകരായ വീര്‍പ്പാടു സ്വദേശികളായ ജ്യോതിഷ് മനു (19), ജസ്റ്റിന്‍ തോമസ് (19), അരുണ്‍ സ്‌കറിയ (20), ആദര്‍ശ് (20), മഞ്ജുനാഥ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷങ്ങളില്ലാത്ത ഈ പ്രദേശത്ത് മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.
ഈ മേഖലയില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രചാരണബോര്‍ഡുകളും കൊടികളും കഴിഞ്ഞദിവസം വ്യാപകമായി നശിപ്പിച്ചിരുന്നു. പാലരിഞ്ഞാല്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളും കീറി നശിപ്പിച്ചിരുന്നു. ബി ജെപിയുടെ കീറിയെടുത്തകൊടികള്‍ ചെടിക്കുളം മുസ്ലിം പള്ളിയുടെ സ്ഥലത്തു കൊണ്ടുപോയി ഇടുകയും ചെയ്തു. ആറളം പന്നിമൂലയിലെ സിപിഎം ഓഫീസായി ഉപയോഗിക്കുന്ന അനന്തന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം കാരിയോയില്‍ ഒഴിച്ച് വികൃതമാക്കിയതും ഇവര്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് ഇവര്‍ അക്രമം നടത്തിയെതെന്നു പോലീസ് പറഞ്ഞു. കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ധം മൂലം ഇവരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ്സും ബിജെപിയും ആരോപിച്ചു.
















