ഓരോ ഉല്‍പ്പന്നവും വിപണിയിലെത്തുമ്പോള്‍ അതിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനും, വിപണിയില്‍ഇടംപിടിച്ചുപറ്റാനും നിര്‍മ്മാതാക്കളും വിപണന വിദഗ്‌ദ്ധരും പല തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാറുണ്ട്. പരസ്യങ്ങള്‍ അതിലൊരു തന്ത്രം മാത്രം. പരസ്യങ്ങള്‍ കൊണ്ടുമാത്രം രക്ഷപ്പെട്ട ഉല്‍പ്പന്നങ്ങളുണ്ട്.
ടൂത്ത് പേസ്റ്റ്, സോപ്പ്, തൊലി വെളുപ്പിക്കാനുള്ള ക്രീം, കഷണ്ടി സംഹാരി, ഷാമ്പൂ, സ്വര്‍ണാഭരണങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, (പ്രത്യേകിച്ച് റെഡിമെയ്ഡ് വസ്ത്രങ്ങള്‍), വിവിധ ഇനം ഇരുചക്ര വാഹനങ്ങളും കാറുകളും, സിഗററ്റ്, മദ്യം… ഈ ഉല്‍പ്പന്നങ്ങളൊക്കെ വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്നത് മാധ്യമങ്ങളിലൂടെ വരുന്ന പരസ്യങ്ങള്‍ വഴിയാണ്. സിഗററ്റിന്റെയും മദ്യത്തിന്റെയും പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായും, നിയമം നടപ്പിലാക്കാന്‍ നിയുക്തരാക്കിയിട്ടുള്ളവരെ കൊഞ്ഞനം കാണിച്ചും പരസ്യ പ്രളയങ്ങള്‍ തന്നെയുണ്ട്.
മലയാളിയായ വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ‘അമുല്‍’ ഉല്‍പ്പന്നങ്ങളുടെ വിജയത്തില്‍ പരസ്യങ്ങള്‍ വഹിച്ച പങ്ക് ചില്ലറയല്ല. കാറുകളുടെ പരസ്യത്തിന് പുതിയ മാനം സൃഷ്ടിച്ചവരാണ് ‘സീലോ’ കാറിന്റെ പരസ്യനിര്‍മാതാക്കള്‍. ഭാര്യയുടെ കൈപിടിക്കാന്‍ കഴിയുന്നത് തന്റെ ‘സീലോ’ കാര്‍ ഓടിക്കുമ്പോള്‍ മാത്രമാണെന്നു പറയുന്ന നായകന്‍! അക്കാലത്തെ വളരെ ‘പോപ്പുലര്‍’ മോഡലായിരുന്ന അമര്‍ തല്‍വാറാണ് കഥാനായകന്‍! ഒരു മാതിരി അപ്പര്‍ മഡില്‍ ക്ലാസുകാരൊക്കെ വായ്‌പയെടുത്ത് സീലോ വാങ്ങിക്കൂട്ടി. 2003 ലോ 2004 ലോ ആണെന്ന് തോന്നുന്നു.
പരസ്യ ശൈലികളില്‍ വന്ന മാറ്റമാണ്, അമുല്‍ സീലോ ഉല്‍പ്പന്നങ്ങളെ സ്മരിക്കാന്‍ ഇടയായത്. സീലോ കാര്‍ നിര്‍മ്മാതാക്കള്‍ എന്നേ ബിസിനസ്സ് മതിയാക്കി നാടുവിട്ടു. വിന്റേജ്-ക്ലാസിക് കാറുകള്‍ ശേഖരിക്കുന്നവര്‍ ആരെങ്കിലും തങ്ങളുടെ ഗാരേജില്‍ സീലോ കാറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍ ആയി. ബാക്കിയെല്ലാം പാട്ടവിലയ്‌ക്ക് കച്ചവടം ചെയ്തു കാണും. ലോകത്തിലെ ഏറ്റവും മികച്ച പരസ്യ കമ്പനികളും വിപണന വിദഗ്‌ദ്ധരും ഒത്തു ശ്രമിച്ചാലും രക്ഷപ്പെടുത്താന്‍ കഴിയാത്ത ചില ഉല്‍പ്പന്നങ്ങളുണ്ട്. ഓര്‍മ്മ വരുന്നത് ‘ഉദയനാണ് താരം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഭാഷണമാണ്. നായകവേഷം തേടി അലയുകയാണ് രാജപ്പന്‍ എന്ന ശ്രീനിവാസന്‍.
”ഈ മുഖവും നിറവുമൊക്കെ വച്ച് ആരാണ് നിന്നെ നായകവേഷം ഏല്‍പ്പിക്കുക?” മോഹന്‍ലാലിന്റെ ചോദ്യം. ”അതുപിന്നെ, മേക്കപ്പു വഴി ശരിയാക്കാം” രാജപ്പന്റെ മറുപടി. സ്തബ്ധനായ മോഹന്‍ലാലിന്റെ മറുപടിയുണ്ട്. ”മേക്കപ്പിനും ഒരു പരിധിയൊക്കെ ഇല്ലേ…” പിന്നീട് രാജപ്പന്‍ സൂപ്പര്‍ സ്റ്റാറായതും പത്മശ്രീ നേടിയതും നമുക്കു മറക്കാം. മേക്കപ്പിനും ഒരു പരിധിയൊക്കെ ഇല്ലേ എന്ന ചോദ്യത്തിന് സമാന്തരമാണ് പരസ്യ-വിപണന തന്ത്രങ്ങള്‍ക്കും ഒരു പരിധിയില്ലേ എന്ന ചോദ്യവും.
കാലം മാറി. വീഡിയോ റെക്കോര്‍ഡറുകളും മറ്റും വന്നതോടെ ‘നീല ചിത്രങ്ങള്‍’ വീട്ടിലിരുന്നു കാണാം എന്ന നിലയായി. ഉപഗ്രഹ ടെലിവിഷന്‍ ചാനലുകളും 24ഃ7 ചലച്ചിത്ര ചാനലുകളും വന്നതോടെ വിവിധ ഭാഷകളിലുള്ളചിത്രങ്ങള്‍ സ്വീകരണ മുറികളെ തേടിയെത്തിത്തുടങ്ങി. ഇന്ന് സെന്‍സര്‍ ബോര്‍ഡിനു മുന്‍പിലെത്തുന്ന നിര്‍മ്മാതാക്കളും സംവിധായകരും ‘എ’ സര്‍ട്ടിഫിക്കറ്റ് എന്നുകേട്ടാല്‍ത്തന്നെ ഭയന്നുവിറക്കും. കാരണമുണ്ട്. ‘എ’ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ക്ക് ഉപഗ്രഹ ചാനല്‍ നിരക്കുകള്‍ കുറയും. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയും ലഭിക്കില്ല. അതുകാരണം, അശ്ലീല രംഗങ്ങള്‍ എങ്ങനെ തന്ത്രപരമായി ചിത്രത്തില്‍ തിരുകിക്കയറ്റാം എന്ന ചിന്തയിലാണവര്‍.
1980 കളില്‍ ദൂരദര്‍ശന്‍ അവരുടെ ദേശീയ ശൃംഖലയില്‍ ഒരു ‘വിവാദ’ പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങി. ഭീഷ്മ സാഹ്‌നി എന്ന പഞ്ചാബി സാഹിത്യകാരന്റെ ‘തമസ്സ്’ എന്ന നോവലാണ് ഇടതുപക്ഷസഹയാത്രികര്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഒത്താശയോടെ പരമ്പരയാക്കിയതും, ദൂരദര്‍ശനില്‍ ‘പ്രൈം ടൈം’ സ്ലോട്ട് കരസ്ഥമാക്കി പ്രക്ഷേപണം ആരംഭിച്ചതും. ആദ്യത്തെ ഒന്നോ രണ്ടോ എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ‘സംഗതി’ ചീറ്റിപ്പോയ വിവരം ‘സഖാക്കള്‍’ മനസ്സിലാക്കിയത്. അവരുടെ ‘ബുദ്ധി കേന്ദ്രങ്ങള്‍’ ഒരുമിച്ചിരുന്നു പുതിയ വിപണന തന്ത്രം കൊണ്ടുവന്നു. ദൂരദര്‍ശന്‍ ആഫീസുകളിലേക്കും പത്രമാപ്പീസുകളിലേക്കും സന്ദേശങ്ങള്‍ പോയി.
”ഹിന്ദുമതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ‘തമസ്’ പരമ്പരക്കെതിരെ രാജ്യമെങ്ങുമുള്ള ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ സംഘപരിവാറുകാര്‍ ഉപരോധിക്കും. പരമ്പര സംപ്രഷണം ചെയ്യുന്ന സമയത്തായിരിക്കും ഉപരോധം….” ഓരോ ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്‍പിലും ഇടിവണ്ടികളിലും പോലീസ് സേന ജാഗരൂഗരായി നിലകൊണ്ടു. ‘തമസ്’ പരമ്പര അങ്ങനെ വാര്‍ത്താപ്രാധാന്യം നേടി. പ്രേക്ഷകരെ ലഭിച്ചിട്ടില്ല എന്നത് സത്യമായി അവശേഷിക്കുന്നു. പിന്നീട് ഇതായിരുന്നു പ്രചാരണയുധം. സംഘപരിവാര്‍ ശക്തികളുടെ ഭീഷണി! വധഭീഷണി!! തങ്ങള്‍ പടച്ചുവിടുന്ന എന്തു ചവറുകളും വിപണിയില്‍ വിറ്റഴിക്കാനുള്ള സൂത്രമായി മാറി ഈ ശൈലി. അടുത്തകാലത്ത് ഒരു മാധ്യമ ‘പ്രതിഭ’ (പ്രതിഭാസം എന്നതാണ് കൂടുതല്‍ ചേരുക) തന്റെ ജീവചരിത്രത്തില്‍ എഴുതിയിരിക്കുന്നു….”സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളായ ‘ജന്മഭൂമി’യുടെയും ‘കേസരി’യുടെയും നിശിതമായ ആക്രമണങ്ങള്‍ക്ക് വിധേയനായവനാണ് ഞാന്‍…” ‘ബുദ്ധിജീവി’ ആയി അംഗീകാരം ലഭിക്കുവാന്‍ സംഘപരിവാര്‍ ശക്തികളുടെ ആക്രമണത്തിന് വിധേയനായി എന്നതാണ് അടിസ്ഥാന യോഗ്യത, മറ്റൊന്നും പ്രശ്‌നമല്ല.
സച്ചിദാനന്ദന്‍ എന്നൊരു കവിയുണ്ട്. അദ്ദേഹവും സംഘപരിവാറുകാരുടെ ആക്രമണത്തിന് വിധേയനായാണ് ബുദ്ധിജീവിപ്പട്ടം കരസ്ഥമാക്കിയത്! മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അനൗദ്യോഗിക മുഖപത്രം എന്ന ഖ്യാതിയുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ 2017 സെപ്തംബര്‍ 24 ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് വളരെ കൗതുകകരമായി തോന്നിയത്. സിപിഎം ഉടമസ്ഥതയിലുള്ള മലയാളം ചാനലുകളൊന്നില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ഒരു പരമ്പരയുടെ അവതാരകനെതിരെ വധഭീഷണി! അതും സംഘപരിവാര്‍ ശക്തികള്‍!! ഒരു മൂന്നാംകിട ചാനലിലെ നാലാംകിട പരമ്പരയാണ് വിഷയം. അവതാരകനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും കണ്ടിരിക്കില്ല. പരമ്പരക്ക് സംസ്ഥാന ബഹുമതികള്‍ പലവട്ടം ലഭിച്ചിട്ടുണ്ടത്രെ. ഇടതുപക്ഷം ഭരിക്കുമ്പോള്‍, അവരുടെ പാര്‍ട്ടി ചാനലിലെ തട്ടിപ്പിനല്ലാതെ, സംഘപരിവാര്‍ പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കുമോ? തന്റെ ഫോണില്‍ നിരന്തരം വധഭീഷണി ലഭിക്കുന്നു എന്നാണ് ഈ പ്രതിഭയുടെ വേവലാതി. എന്തുകൊണ്ട് പോലീസ് വകുപ്പിന്റെ കീഴിലുള്ള സൈബര്‍ ക്രൈം യൂണിറ്റിന് പരാതി നല്‍കുന്നില്ല. പരാതി നല്‍കിയാല്‍ ഭൂലോകത്തില്‍ എവിടെനിന്നായാലും വധഭീഷണി ഉയര്‍ത്തിയവനെ നിഷ്പ്രയാസം പൊക്കാന്‍ കഴിയും.
വിദേശരാജ്യങ്ങളില്‍നിന്ന് ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് പോലും വധഭീഷണി. അങ്ങനെയാണെങ്കില്‍ ഇന്റര്‍പോളിന്റെ സഹകരണം തേടണം.
ദുര്‍ഗ്ഗാദേവിയെ അപമാനിച്ചു എന്ന പേരില്‍ ഒരു ചാനല്‍ വനിതയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നുവെന്ന് പ്രസ്തുത വനിത തന്നെ അവകാശപ്പെട്ടിട്ടും പ്രശ്‌നം തുമ്പും വാലും ഇല്ലാതെ ഇഴഞ്ഞുനീങ്ങുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്. അവര്‍ ദുര്‍ഗ്ഗാദേവിയെ അപമാനിച്ചു എന്ന് പ്രേക്ഷകര്‍ അറിയുന്നതുതന്നെ വധഭീഷണിയെത്തുടര്‍ന്നാണ്. ഐക്യരാഷ്‌ട്രസഭ വരെ ഈ വധഭീഷണിയെ അപലപിച്ചുവത്രെ.
ഒന്നരവര്‍ഷത്തിലധികമായി പ്രസ്തുത അവതാരക കണ്ണീരുമായി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നു. എത്രയുംവേഗം ഈ കേസ് അന്വേഷിച്ചു പ്രതികളെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ഇടണം, മാതൃകാപരമായി ശിക്ഷിക്കണം. പറ്റുമെങ്കില്‍ അവതാരകര്‍ക്കും പാര്‍ട്ടി ചാനല്‍ അവതാരകനും ഇസഡ് പ്ലസ് ഇനം സുരക്ഷാവ്യൂഹം ഒരുക്കണം. ഇതൊരു അഭ്യര്‍ത്ഥനയാണ്.
















