ചെന്നൈ: അന്‍പത്തിയേഴാമത് ദേശീയ ഓപ്പണ്‍ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് കിരീടത്തിലേക്ക് അടുക്കുന്നു. മൂന്നാം ദിവസമായ ഇന്നലെ അഞ്ചു സ്വര്‍ണ്ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് റെയില്‍വേസ് വാരിക്കൂട്ടിയത്. ഇതോടെ ആകെ 12 സ്വര്‍ണ്ണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമടക്കം 185 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
എട്ടു സ്വര്‍ണ്ണവും എട്ടു വെള്ളിയും ആറു വെങ്കലവുമടക്കം 136 പോയിന്റു നേടിയ സര്‍വ്വീസസാണ് രണ്ടാം സ്ഥാനത്ത്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 52 പോയിന്റോടെ ഒഎന്‍ജിസി മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ ദിനം നേടിയ ഒരു സ്വര്‍ണവും വെള്ളിയും മാത്രം അക്കൗണ്ടിലുള്ള കേരളം 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
പുരുഷ, വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ സന്തോഷ്‌കുമാറും ഒഎന്‍ജിസിയുടെ ജുംന മുര്‍മുവും ഒന്നാമതെത്തി. പുരുഷ വിഭാഗത്തില്‍ സന്തോഷ്‌കുമാര്‍ പുതിയ മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്. 50.16 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന സന്തോഷ്‌കുമാര്‍ 2009-ല്‍ മലയാളി അത്‌ലറ്റ് ജോസഫ് ജി. എബ്രഹാം സ്ഥാപിച്ച 50.26 സെക്കന്‍ഡ് പഴങ്കഥയാക്കി.
പുരുഷന്മാരുടെ ഹൈജമ്പില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായാണ് റെയില്‍വേസിന്റെ സിദ്ധാര്‍ത്ഥ് യാദവ് സ്വര്‍ണ്ണം നേടിയത്. 2.23 മീറ്റര്‍ ഉയരം താണ്ടിയ സിദ്ധാര്‍ത്ഥിന് മുന്നില്‍ വഴിമാറിയത് കഴിഞ്ഞ വര്‍ഷം തേജസ്വിന്‍ ശങ്കര്‍ സ്ഥാപിച്ച 2.22 മീറ്ററിന്റെ റെക്കോര്‍ഡ്.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ 57.99 മീറ്റര്‍ എറിഞ്ഞ് റെയില്‍വേസിന്റെ അനു റാണിക്ക് സ്വര്‍ണ്ണം. ട്രിപ്പിള്‍ജമ്പില്‍ കര്‍ണാടകയുടെ ഡി. ഐശ്വര്യ സ്വര്‍ണ്ണവും റെയില്‍വേയുടെ മലയാളി താരം റിന്റു മാത്യു വെള്ളിയും സ്വന്തമാക്കി.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സര്‍വ്വീസസിന്റെ സേബിള്‍ അനിവാശിന് സ്വര്‍ണ്ണം. വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും റെയില്‍വേസിന്. ചിന്താ യാദവ് ഒന്നാമതെത്തിയപ്പോള്‍ ഛാവി യാദവ് വെള്ളി നേടി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ റെയില്‍വേ താരങ്ങള്‍ക്ക് സ്വര്‍ണ്ണവും വെങ്കലവും. 5 മീറ്റര്‍ ചാടിയ ജെ. പ്രീത് സ്വര്‍ണ്ണം നേടിയപ്പോള്‍ ഇതേ ഉയരം മറികടന്ന മലയാളി താരം കെ.പി. ബിമിന്‍ വെങ്കലം സ്വന്തമാക്കി. സര്‍വ്വീസസിന്റെ ശിവക്ക് വെള്ളി. അവസാന ദിനമായ ഇന്ന് 15 ഫൈനലുകള്‍ നടക്കും.
















