കോട്ടയം: സിഎംപി സ്ഥാപകനേതാവ് എം.വി. രാഘവനൊപ്പം അടിയുറച്ചുനിന്ന നേതാവായിരുന്നു അന്തരിച്ച കെ.ആര്‍. അരവിന്ദാക്ഷന്‍. ബദല്‍രേഖയുടെ പേരില്‍ 1986ല്‍ എംവിആര്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ മരണംവരെ അരവിന്ദാക്ഷന്‍ ഒപ്പമുണ്ടായിരുന്നു. സിപിഎമ്മിന്റെ അതേ സ്വഭാവത്തോടെ എംവിആര്‍ സിഎംപിക്ക് രൂപം നല്‍കുമ്പോള്‍ അദ്ദേഹത്തിന് ഇടവും വലവും നിന്ന് ശക്തിപകര്‍ന്നത് അരവിന്ദാക്ഷനും സി.പി. ജോണുമായിരുന്നു. എന്നാല്‍ എംവിആറിന്റെ മരണത്തോടെ ഇരുവരും രണ്ട് വഴിക്കായി.
അരവിന്ദാക്ഷന്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയപ്പോള്‍ സി.പി. ജോണും കൂട്ടരും യുഡിഎഫില്‍ നിലകൊണ്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പിളര്‍ന്നത്.
മികച്ച സഹകാരികൂടിയായ അരവിന്ദാക്ഷന്‍ കെഎസ്എഫിലൂടെയാണ് രാഷ്ടീയത്തില്‍ വന്നത്. പൊന്‍കുന്നത്തിന് സമീപം കൂരാലിയിലായിരുന്നു ജനനം.
കോട്ടയം തിരുനക്കരയിലായിരുന്നു സ്ഥിരതാമസം. വിദ്യാര്‍ത്ഥി സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറി അടക്കമുളള സ്ഥാനങ്ങള്‍ വഹിച്ചു. സിപിഎമ്മിലായിരുന്നപ്പോള്‍ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത്് ടി.കെ. രാമകൃഷ്ണനായിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ അരവിന്ദാക്ഷന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
പിന്നീട് യുഡിഎഫില്‍ സിഎംപി ഘടകകക്ഷിയായി. കരുണാകരന്‍ മന്ത്രിസഭയില്‍ എംവിആര്‍ സഹകരണ മന്ത്രിയായപ്പോള്‍ കെ.ആര്‍. അരവിന്ദാക്ഷനായിരുന്നു സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്. രണ്ട് തവണ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായി. എംവിആറിന്റെ രാഷ്‌ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊപ്പം അരവിന്ദാക്ഷന്‍ ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയോടെ കോട്ടയത്തെത്തിച്ച കെ.ആര്‍. അരവിന്ദാക്ഷന്റെ മൃതദേഹം തിരുനക്കരയിലെ അര്‍ബന്‍ബാങ്ക് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് തിരുനക്കരയിലെ കയ്യൂന്നുപാറ വീട്ടുവളപ്പില്‍. ഭാര്യ: ഉഷ (ഡയറക്ടര്‍ ബോര്‍ഡ് അംഗം, അര്‍ബന്‍ സഹകരണ ബാങ്ക്, കോട്ടയം) മക്കള്‍: അരുണ്‍, അഖില. മരുമക്കള്‍: സുബി, വൈശാഖ്.
















