തൃശ്ശൂര്‍/കൊച്ചി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ബാലഗോകുലം അംഗങ്ങളും ആഘോഷസമിതികളും അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം നിര്‍മാണത്തിന് വേണ്ടി സംസ്ഥാന തലത്തില്‍ സ്വരൂപിച്ച ധനം സമര്‍പ്പിച്ചു.
കൊടകരയില്‍ അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിനു സമീപം ശ്രീകൃഷ്ണ ആശ്രമത്തില്‍ ബാലഗോകുലം സംസ്ഥാന സമിതിയുടെ സമാരോപ് പരിപാടിയിലാണ് ‘സമര്‍പ്പണ സഭ’ സംഘടിപ്പിച്ചത്. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഏറെ പ്രസക്തമാകുവാന്‍ തയാറെടുക്കുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ നിര്‍മ്മാണം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യപ്രഭാഷണത്തില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം. എ. കൃഷ്ണന്‍ നിര്‍ദേശിച്ചു.
ജില്ലാ സമിതികള്‍ കൃഷ്ണ വിഗ്രഹത്തിന് മുന്‍പില്‍ സമര്‍പ്പിച്ച ധനം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ. പി. ബാബുരാജ് ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി.
അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം പദ്ധതി പ്രദേശവും ഗോശാലയും സന്ദര്‍ശിച്ച ബാലഗോകുലം സംസ്ഥാന സമിതി അംഗങ്ങള്‍ കൃഷ്ണ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം.പി. സുബ്രഹ്മണ്യ ശര്‍മ്മ, ജി. സതീഷ് കുമാര്‍, ആര്‍. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















