അടിമാലി(ഇടുക്കി): വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ച് എഴുപത്തഞ്ചുകാരിയായ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. തലയ്‌ക്കും നടുവിനും അടിയേറ്റ മുരിക്കാശ്ശേരി കുന്നേല്‍ മാധവിയമ്മ അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സ തേടി.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മാധവിയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. മാധവിക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ഇളയ മകന്‍ ബിജുവാണ് അമ്മയോട് ക്രൂരത കാട്ടിയത്. മുരിക്കാശേരി പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ബിജു അമ്മയോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് വഴക്ക് തുടങ്ങി.
ഇതിന് കൂട്ടാക്കാതെ വന്നതോടെയാണ് ഇടതുകൈ തല്ലിയൊടിച്ചത്. അടിയേറ്റ് നിലത്ത് വീണ മാധവിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്. മകന്റെ ഭാര്യ വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു അക്രമം. പത്ത് വര്‍ഷം മുമ്പ് മാധവിയമ്മയ്‌ക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീട്ടിലാണ് മകനും ഭാര്യയും മാധവിയമ്മയും കഴിയുന്നത്.
വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനെതിരെ മുരിക്കാശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അയല്‍വാസികളില്‍ നിന്നും മൊഴിയെടുക്കും.
















