ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുക, മന്ത്രി രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസുമായി നേരിയ സംഘര്‍ഷമുണ്ടായി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈയേറുന്നതില്‍ പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്കും ഒരേ നയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് ചാണ്ടിയുടെ ഔദാര്യങ്ങള്‍ പറ്റിയവരാണ് ഇടതു വലതു മുന്നണികള്‍. യുഡിഎഫ് നടത്തുന്ന സമരം പ്രഹസനമായി മാറുന്നത് ഇതിനാലാണ്.
സിപിഐ നേതാവ് കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. മൂന്നാറിലെ ആര്‍ജവം ചാണ്ടിക്കുമുന്നില്‍ സിപിഐക്കില്ല. ചാണ്ടി രാജിവയ്‌ക്കുന്നതുവരെ നിരന്തരമായ സമരം തുടരും. മുഖ്യമന്ത്രിയുടേത് കുറ്റകരമായ മൗനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആധ്യക്ഷം വഹിച്ചു. ദക്ഷിണേമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍, ജെആര്‍എസ് ജില്ലാ പ്രസിഡന്റ് സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















