തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയിഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം സമ്മാനിച്ചു. രാജ്ഭവനിലെ ചടങ്ങിലാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ബിരുദം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക അതിഥിയായി.
രാവിലെ 10ന് ചാന്‍സലറുടെ സാന്നിധ്യത്തില്‍ സെനറ്റ് യോഗം ചേര്‍ന്ന് സുല്‍ത്താന് ബിരുദം നല്‍കുന്നത് അംഗീകരിച്ചു. 11.25ന് മുഖ്യമന്ത്രി പിണറായി വിജയനും സുല്‍ത്താനും വേദിയിലെത്തി. തുടര്‍ന്ന് രജിസ്ട്രാറുടെ നേതൃത്വത്തില്‍ സെനറ്റ്, സിന്‍ഡിക്കേറ്റ്, ഫാക്കല്‍റ്റി ഡീന്‍ അംഗങ്ങളടങ്ങിയ ഘോഷയാത്ര ഹാളിലെത്തി.
ഷാര്‍ജ ഭരണാധികാരിക്ക് ബിരുദം സമ്മാനിക്കുന്നതായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അറിയിച്ചു. വൈസ്ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ സമ്മാനപത്രം വായിച്ചു. തുടര്‍ന്ന് ഡി ലിറ്റ് ബിരുദം സുല്‍ത്താന് സമ്മാനിച്ചു. രജിസ്ട്രാര്‍ ഡോ അബ്ദുള്‍ മജീദ് നല്‍കിയ ബിരുദദാന രജിസ്റ്ററില്‍ ചാന്‍സലര്‍ ഒപ്പുവച്ചു.
അന്താരാഷ്‌ട്ര ഇടപെടലുകള്‍, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡി ലിറ്റ് സമ്മാനിച്ചത്. പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ കെ.ടി. ജലീല്‍, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ കെ.എം. എബ്രഹാം, ഗവര്‍ണറുടെ പത്നി സരസ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു.
സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, സലേം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാസിമി, ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന എന്നിവരും പങ്കെടുത്തു.
















