പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 സെപ്റ്റംബര്‍ 24-ന് ആകാശവാണിയിലൂടെ നടത്തിയ മുപ്പത്തിയാറാമത് മന്‍ കീ ബാത്ത് പ്രക്ഷേപണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം. ‘മന്‍ കീ ബാത്ത്’ ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് എന്റെ മനസ്സിന്റെ കാര്യമാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല.
നാം ഭക്ഷണം കഴിക്കുമ്പോള്‍ ആവശ്യമുള്ളിടത്തോളം മാത്രമേ എടുക്കാവൂ, ഉച്ഛിഷ്ടമായി കളയരുതെന്ന് മന്‍ കീ ബാത്തില്‍ പറയുകയുണ്ടായി. എന്നാല്‍ തങ്ങള്‍ മുമ്പുതന്നെ ഇക്കാര്യം ചെയ്യുന്നുണ്ടെന്ന് രാജ്യത്തിന്റെ എല്ലാ മൂലയില്‍ നിന്നും, സാമൂഹിക സംഘടനകളില്‍ നിന്നും, യുവാക്കളില്‍ നിന്നും കത്തുകള്‍ വന്നു. പാത്രത്തില്‍ ഉപേക്ഷിച്ചു പോകുന്ന ആഹാരം സ്വരൂപിച്ച്, അതെങ്ങനെ നന്നായി ഉപയോഗിക്കാം എന്നു പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്ന വളരെയധികം ആളുകള്‍ എന്റെ ശ്രദ്ധയില്‍ വന്നു, എന്റെ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.
ഒരിക്കല്‍ ഞാന്‍ മന്‍ കീ ബാത്തില്‍, മഹാരാഷ്‌ട്രയിലെ ഒരു വിരമിച്ച അദ്ധ്യാപകന്‍ ചന്ദ്രകാന്ത് കുല്‍കര്‍ണിയുടെ കാര്യം പറയുകയുണ്ടായി. അദ്ദേഹം തനിക്കു ലഭിച്ചിരുന്ന പതിനാറായിരം രൂപ പെന്‍ഷനില്‍ നിന്ന് അയ്യായിരം രൂപ മുന്‍കൂട്ടി തീയതിയിട്ട 51 ചെക്കുകള്‍ നല്‍കിക്കൊണ്ട് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുന്നതായി പറഞ്ഞിരുന്നു. അതിനുശേഷം ശുചിത്വത്തിനുവേണ്ടി ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിന് എത്രയോ ആളുകള്‍ മുന്നോട്ടു വന്നതായി കണ്ടു.
ഒരിക്കല്‍ ഹരിയാനയിലെ, ഗ്രാമമുഖ്യന്റെ ‘സെല്‍ഫി വിത് ഡോട്ടര്‍’ കണ്ടിട്ട് മന്‍ കീ ബാത്തിലൂടെ ഞാനതു ജനങ്ങളുടെ മുന്നില്‍ വയ്‌ക്കുകയുണ്ടായി. അതുകണ്ട് ഭാരതത്തില്‍ മാത്രമല്ല, ലോകമെങ്ങും ‘സെല്‍ഫി വിത് ഡോട്ടര്‍’ പരിപാടി ഒരു വലിയ മുന്നേറ്റമായി മാറി. ഇത് കേവലം സാമൂഹിക മാധ്യമത്തിലൊതുങ്ങുന്ന പ്രശ്‌നമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു പുതിയ ആത്മവിശ്വാസം, പുതിയ അഭിമാനമുണ്ടാക്കുന്ന സംഭവമായി മാറി. എല്ലാ മാതാപിതാക്കള്‍ക്കും സ്വന്തം മകള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തോന്നാന്‍ തുടങ്ങി. തനിക്കും മഹത്വമുണ്ട്, പ്രാധാന്യമുണ്ട് എന്ന് എല്ലാ പെണ്‍മക്കള്‍ക്കും തോന്നാന്‍ തുടങ്ങി.
കഴിഞ്ഞ ദിവസം ഞാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഞാന്‍ വിനോദസഞ്ചാരത്തിനു പുറപ്പെടുന്നവരോടു പറഞ്ഞത് എവിടെ പോയാലും അതുല്യ ഭാരതം എന്നതുമായി ബന്ധപ്പെടുത്തി ഫോട്ടോ അയയ്‌ക്കണമെന്നായിരുന്നു. ലക്ഷക്കണക്കിനു ഫോട്ടോകള്‍, ഭാരത്തിന്റെ എല്ലാ മൂലകളുടെയും ചിത്രങ്ങള്‍ കിട്ടിയത് ഒരുതരത്തില്‍ വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ സമ്പാദ്യമായി. ചെറിയ സംഭവം എത്ര വലിയ ജനമുന്നേറ്റമാണുണ്ടാക്കുന്നതെന്ന് ‘മന്‍ കീ ബാത്തി’ലൂടെ എനിക്കു ബോധ്യപ്പെട്ടു.
ഒരിക്കല്‍ ഞാന്‍ ‘മന്‍ കീ ബാത്തില്‍’ ഖാദിയെക്കുറിച്ചു പറയുകയുണ്ടായി. ഖാദി ഒരു വസ്ത്രമല്ല, ഒരു ചിന്താധാരയാണെന്നു പറഞ്ഞു. ഈയിടെയായി ആളുകള്‍ക്ക് ഖാദിയില്‍ താത്പര്യം കൂടിയിട്ടുണ്ടെന്ന് കാണുന്നു. ഞാന്‍ പറഞ്ഞത് ആരും ഖാദി ധാരിയാകാനല്ല. എന്നാല്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള തുണിത്തരങ്ങളുള്ളതില്‍ ഒന്ന് ഖാദിയുടേതായാലെന്താ എന്നാണു ചോദിച്ചത്.
വീട്ടിലെ പുതപ്പോ, തൂവാലയോ, കര്‍ട്ടനോ… യുവാക്കള്‍ക്കിടയില്‍ ഖാദിയോടുള്ള താല്‍പര്യം വര്‍ധിച്ചതായാണ് കാണുന്നത്. ഖാദിയുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്, അതുകൊണ്ട് ദരിദ്രന്റെ വീട് നേരിട്ട് തൊഴിലുമായി ബന്ധപ്പെടുന്നു. ഒക്‌ടോബര്‍ രണ്ട് മുതല്‍ ഖാദിക്ക് റിബേറ്റ് നല്‍കപ്പെടുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെടട്ടെ, ഖാദിയുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ഉണര്‍വ്വ് നമുക്കു മുന്നോട്ടു കൊണ്ടുപോകാം, അതിനെ പ്രോത്സാഹിപ്പിക്കാം. ഖാദി വാങ്ങുന്നതിലൂടെ ദരിദ്രന്റെ വീട്ടില്‍ ദീപാവലിയുടെ ദീപം കത്തിക്കാമെന്ന വിചാരത്തോടെ നമുക്ക് പ്രവര്‍ത്തിക്കാം. ഇതിലൂടെ നമ്മുടെ നാട്ടിലെ ദരിദ്രന് ശക്തി ലഭിക്കും, നാമതു ചെയ്യണം. ഖാദിയോട് ഇങ്ങനെ താത്പര്യം കൂടുന്നതു കാരണം ഖാദി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍, സര്‍ക്കാരില്‍ ഖാദിയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കിടയില്‍ ഒരു പുതിയ രീതിയില്‍ ചിന്തിക്കാനുള്ള ഉത്സാഹം വര്‍ധിച്ചിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ എങ്ങനെ കൊണ്ടുവരാം, ഉത്പാദനക്ഷമത എങ്ങനെ വര്‍ധിപ്പിക്കാം, സോളാര്‍-കൈത്തറി എങ്ങനെ കൊണ്ടുവരാം? പുരാതനമായ പൈതൃകം 20, 25, 30 വര്‍ഷങ്ങളായി ക്ഷയിച്ചിരിക്കുകയാണ്. അതിന് പുനരുജ്ജീവനം എങ്ങനെയേകാം എന്നു ചിന്തിക്കണം.
ഈ ഒക്‌ടോബര്‍ മാസം നമുക്ക് അനേകം മഹാപുരുഷന്മാരെ ഓര്‍ക്കേണ്ട മാസമാണ്. ഇരുപത്-ഇരുപത്തിയൊന്നാം നൂറ്റാണ്ടുകള്‍ക്ക് മാര്‍ഗ്ഗദീപമേകിയ, നമുക്കു നേതൃത്വം തന്ന, നമുക്കു വഴികാട്ടിയ, നാടിനുവേണ്ടി അനേകം കഷ്ടതകള്‍ സഹിച്ച മഹാത്മാ ഗാന്ധി മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ളവര്‍ ഈ ഒക്‌ടോബര്‍ മാസത്തില്‍ നമ്മുടെ മുന്നിലുണ്ട്. ഒക്‌ടോബര്‍ രണ്ട് മഹാത്മാഗാന്ധിയുടെയും ലാല്‍ബഹാദുര്‍ ശാസ്ത്രിയുടെയും ജയന്തിയാണ്. ഒക്‌ടോബര്‍ 11 ജയപ്രകാശ് നാരായണന്റെയും നാനാജി ദേശ്മുഖിന്റെയും ജയന്തിയാണ്. സെപ്റ്റംബര്‍ 25 പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജയന്തിയാണ്. നാനാജിയുടെയും ദീനദയാല്‍ജിയുടെയും ശതാബ്ദി വര്‍ഷം കൂടിയാണ് ഇത്. ഈ മഹാപുരുഷന്മാരുടെയെല്ലാം കേന്ദ്രബിന്ദു എന്തായിരുന്നു? പൊതുവായ ഒരു കാര്യമുണ്ടായിരുന്നു- രാജ്യത്തിനുവേണ്ടി ജീവിക്കുക, രാജ്യത്തിനുവേണ്ടി ചിലതു ചെയ്യുക. ഉപദേശിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയും ചെയ്തു.
ഗാന്ധിജി, ജയപ്രകാശ്ജി, ദീനദയാല്‍ജി എന്നിവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് നാഴികകള്‍ ദൂരെ നിന്നവരാണ്. എന്നാല്‍ അനുനിമിഷം ജനജീവിതത്തോടൊപ്പം കഴിഞ്ഞു, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. നാനാജി ദേശ്മുഖ് രാഷ്‌ട്രീയ ജീവിതം ഉപേക്ഷിച്ച് ഗ്രാമോദയപ്രവര്‍ത്തനത്തില്‍ മുഴുകി. ഇന്ന് അദ്ദേഹത്തിന്റെ ശതാബ്ദി വര്‍ഷം ആഘോഷിക്കുമ്പോള്‍ ഗ്രാമോദയത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവു തോന്നുക സ്വാഭാവികമാണ്.
അടുത്ത ‘മന്‍ കീ ബാത്തില്‍’ ഞാന്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെക്കുറിച്ചു തീര്‍ച്ചയായും പറയും.. എന്നാല്‍ ഒക്‌ടോബര്‍ 31 രാജ്യമെങ്ങും ‘റണ്‍ ഫോര്‍ യൂണിറ്റി’, ‘ഏക്ക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പരിപാടി നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ നഗരങ്ങളിലും, ‘റണ്‍ ഫോര്‍ യൂണിറ്റി’ പരിപാടി ഉണ്ടായിരിക്കണം. ഓടാന്‍ രസംതോന്നുന്ന കാലാവസ്ഥയായിരിക്കുകയും ചെയ്യും.
വൈവിധ്യത്തില്‍ ഏകത്വമെന്നത് ഭാരതത്തിന്റെ വൈശിഷ്ട്യം എന്ന് നാം വളരെ സ്വാഭാവികതയോടെ പറയാറുണ്ട്. വൈവിധ്യത്തില്‍ നാം അഭിമാനിക്കുന്നു. എന്നാല്‍ നാം ഈ വൈവിധ്യത്തെ നേരിട്ടനുഭവിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടോ? ഞാന്‍ രാജ്യത്തെ ജനങ്ങളോട്, വിശേഷിച്ചും യുവാക്കളോട് നാം ഉണര്‍ന്നിരിക്കുന്നു എന്നു പറയാനാഗ്രഹിക്കുന്നു. ഈ ഭാരതത്തിന്റെ വൈവിധ്യത്തെ അനുഭവിച്ചറിയൂ, അതിനെ സ്പര്‍ശിക്കൂ, അതിന്റെ സുഗന്ധം അനുഭവിക്കൂ. നിങ്ങളുടെ വ്യക്തിത്വത്തിന്റെ വികസനത്തിന് നമ്മുടെ രാജ്യത്തിന്റെ ഈ വൈവിദ്ധ്യങ്ങള്‍ ഒരു വലിയ പാഠശാലയായി പ്രവര്‍ത്തിക്കുമെന്നു നിങ്ങള്‍ക്കു കാണാം.
അവധിയുടെ ദിനങ്ങളാണ്, ദീപാവലിയുടെ ദിനങ്ങള്‍. നമുക്ക് രാജ്യത്തിലെവിടെയെങ്കിലുമൊക്കെ യാത്ര പോകുന്ന ശീലമുണ്ട്. വിനോദസഞ്ചാരികളായുള്ള യാത്ര സ്വാഭാവികമാണ്. പക്ഷേ, നാം നമ്മുടെ രാജ്യത്തെ കാണുന്നില്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ അറിയുന്നില്ല, മനസ്സിലാക്കുന്നില്ല, മറിച്ച് വര്‍ണ്ണപ്പകിട്ടിന്റെ സ്വാധീനത്തില്‍പ്പെട്ട് വിദേശത്ത് യാത്ര പോകുന്നത് ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്നത് എന്നെ ചിന്താധീനനാക്കുന്ന കാര്യമാണ്. നിങ്ങള്‍ ലോകത്ത് എവിടെയും പോകുന്നതിലും എനിക്കെതിര്‍പ്പൊന്നുമില്ല. പക്ഷേ, സ്വന്തം വീടുകൂടിയൊന്നു കാണൂ. ദക്ഷിണഭാരതത്തില്‍ എന്താണുള്ളതെന്ന് ഉത്തരഭാരതത്തിലെ ആളുകള്‍ക്ക് അറിയുകയേ ഇല്ല. പശ്ചിമ ഭാരതത്തിലെ ആളിന് പൂര്‍വ്വ ഭാരതത്തില്‍ എന്തുണ്ടെന്നറിയില്ല. നമ്മുടെ രാജ്യം എത്ര വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്!
നവരാത്രിയാണിപ്പോള്‍. ദുര്‍ഗ്ഗാംബയെ പൂജിക്കുന്ന സമയമാണ്. അന്തരീക്ഷം മുഴുവന്‍ പാവനവും പവിത്രവുമായ സുഗന്ധം പരന്നിരിക്കയാണ്. നാലുപാടും ആദ്ധ്യാത്മികതയുടെ, ഉത്സവത്തിന്റെ, ഭക്തിയുടെ അന്തരീക്ഷമാണ്. ശക്തിസാധനയുടെ ഉത്സവമെന്നാണു കരുതപ്പെടുന്നത്. ഇത് ശാരദീയ നവരാത്രി എന്നറിയപ്പെടുന്നു. ശരത് ഋതു ആരംഭിക്കുന്നസമയം. നവരാത്രിയുടെ ഈ പാവനമായ അവസരത്തില്‍ ഞാന്‍ ജനങ്ങള്‍ക്ക് അനേകാനേകം ശുഭാശംസകള്‍ നേരുന്നു. രാജ്യത്തെ പൊതുജനങ്ങളുടെ ജീവിതത്തിലെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നമ്മുടെ രാജ്യം ഉയരങ്ങളിലേക്കെത്തണമേ എന്ന് ശക്തിയുടെ ദേവിയോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. രാജ്യത്തിന് എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കഴിവുണ്ടാകട്ടെ.
രാജ്യം വളരെവേഗത്തില്‍ മുന്നേറട്ടെ. 2022 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍, സ്വാതന്ത്ര്യപ്രേമികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമം, നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ നിശ്ചയം, അളവറ്റ അധ്വാനം, അളവറ്റ പരിശ്രമം, ദൃഢനിശ്ചയം എന്നിവയൊക്കെ സാക്ഷാത്കരിക്കാന്‍ അഞ്ചുവര്‍ഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി നമുക്കു മുന്നോട്ടു നീങ്ങാം, ശക്തിസ്വരൂപിണി നമുക്ക് ആശീര്‍വ്വാദമേകട്ടെ. നിങ്ങള്‍ക്കേവര്‍ക്കും അനേകം ശുഭാശംസകള്‍. ഉത്സവമാഘോഷിക്കൂ, ഉത്സാഹം വര്‍ധിപ്പിക്കൂ.
















