കൊല്ലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് സംസ്ഥാനമൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും അനുബന്ധ വിവര ശേഖരണത്തിനും ഹരിതകേരളം മിഷന്‍ തയ്യാറെടുക്കുന്നു. ഒക്‌ടോബര്‍ രണ്ട് മുതല്‍ സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിതവാരം ആചരിക്കുന്നതിന്റെ ഭാഗമായാണിത്.
നട്ട മരങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ, ആവശ്യമായ തുടര്‍സംരക്ഷണം ലഭ്യമാണോ, ചെടിക്ക് വേണ്ടത്ര ആരോഗ്യമുണ്ടോ, ഇല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്, ചെടി അവശേഷിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് അത് നശിച്ചുപോയത്, എന്തെല്ലാമാണ് പരിഹാര മാര്‍ഗങ്ങള്‍, തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. വൃക്ഷവത്കരണത്തിന് മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ മറിച്ച് പരിപാലനത്തിലൂടെ അവയ്‌ക്ക് വളരാനുള്ള പിന്തുണയും നല്കണമെന്ന സന്ദേശമാണ് യജ്ഞത്തിലൂടെ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്.
2017-18ലെ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം മൂന്നു കോടി വൃക്ഷത്തൈകള്‍ നടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒരു കോടിയിലധികം തൈകളാണ് ഇതിനകം നട്ടത്. തൈകള്‍ നടാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധസംഘടനകള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവ നയിക്കുന്ന പ്രത്യേക ടീമുകളാണ് തൈകളുടെ കണക്കെടുപ്പും പരിശോധനയും നടത്തേണ്ടത്. പരിശോധനയുമായി ബന്ധപ്പോര്‍ട്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് യോഗം ചേര്‍ന്ന് പൊതുവായി അവതരിപ്പിക്കുകയും പോരായ്‌മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. നഷ്ടപ്പെട്ട ഓരോ വൃക്ഷത്തൈക്കും പകരമായി അവിടെ മറ്റൊരു ഫലവൃക്ഷതൈ നടും. പരിശോധനാ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കും.
















