തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതിന്റെ ഒരാവേശത്തിന് ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു കേള്‍ക്കൂ, ”രാവിലെ വന്ന് ഒപ്പിട്ട് കഴിഞ്ഞാല്‍ ചായകുടിക്കാന്‍ പോകും. തിരികെ വരുമ്പോള്‍ ഊണ് കഴിക്കാന്‍ സമയമാകും.
ഊണ് കഴിയുമ്പോള്‍ ട്രെയിനിന് സമയമാകും. ജീവനക്കാര്‍ കുറച്ചുപേരേ കസേരകളില്‍ ഉണ്ടാകൂയെന്ന് ദുഷ്‌പേരുണ്ട്. ഇത് മാറണം. ഓഫീസ് സമയത്ത് അവരവര്‍ അവരവരുടെ ജോലികള്‍ ചെയ്യണം”.
ജോലി സമയത്ത് ഓണാഘോഷം പോലും വേണ്ടെന്നു കൂടി ഉദ്‌ഘോഷിച്ചു അന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി ഒരാഴ്ച കഴിഞ്ഞ്, 2016 ജൂണ്‍ എട്ടിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഈ ചട്ടം പഠിപ്പിക്കല്‍.
പക്ഷേ, ഇടത് സംഘടനയാണെങ്കില്‍ ഈ ചട്ടമൊക്കെ കാറ്റില്‍ പറക്കും. ജോലി സമയമൊന്നും പ്രശ്‌നമല്ല, മുഖ്യമന്ത്രി തന്നെ വരും അവരുടെ സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍.
എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ എകെജി ഹാളില്‍ ഇന്നലെ ഉച്ചയ്‌ക്ക് 3.30ന്, നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷ സെമിനാര്‍ നടത്തി. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകന്‍. ജീവനക്കാരുടെ ജോലിസമയത്തായിരുന്നു സെമിനാറിന്റെ ഉദ്ഘാടനം.
”ഇപ്പോള്‍ ജോലി സമയമല്ലേ? നിങ്ങളൊക്കെ പണി ചെയ്യാതെ ഇവിടെ എങ്ങനെ വന്നു?” എന്നു ചോദിക്കാന്‍ നാവു പൊന്തിയില്ല മുഖ്യമന്ത്രിക്ക്. തന്റെ മുന്നില്‍ ഇരിക്കുന്ന ജീവനക്കാര്‍ രാവിലെ ഓഫീസിലെത്തി ഹാജര്‍ വച്ച ശേഷം അവധിയെടുക്കാതെ വന്നതാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
ജില്ലയിലെ എല്ലാ ഓഫീസുകളില്‍ നിന്നും ജീവനക്കാരെ വാഹനങ്ങളില്‍ സെമിനാറിന് എത്തിച്ചിരുന്നു. ഉച്ചയോടെ ജോലി മതിയാക്കി, ഓഫീസ് വിട്ടവരായിരുന്നു അധികവും.
















