തിരുവനന്തപുരം: ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചില മാനദണ്ഡങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വ്യതിയാനം സംഭവിച്ചാല്‍ തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായി പാര്‍ട്ടി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കോടിയേരി. വിഷയത്തില്‍ കടകംപള്ളിയെ പാര്‍ട്ടി വെറുതെ വിടുകയായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് കടകംപള്ളിയോട് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമനുസരിച്ച് പ്രവര്‍ത്തിച്ചത് ചിലര്‍ വിവാദമാക്കിയെന്നാണ് കടകംപള്ളിയുടെ വിശദീകരണം.
മന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായപ്പോഴാണ് വിശദീകരണം ചോദിക്കാന്‍ നിര്‍ബന്ധിതമായത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരാതിയുള്ളവര്‍ നിയമാനുസൃതം മുന്നോട്ടു പോകണമെന്നും കോടിയേരി പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല. ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമെങ്കില്‍ ജനം തിരിച്ചറിയും. എല്ലാ സ്ഥലത്തും തോമസ് ചാണ്ടിയെ കൊണ്ടുനടക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.
















