തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 52 വയസുള്ള രോഗിക്ക് ഗുളിക മാറി നല്‍കിയ ഡ്യൂട്ടി നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
സാംക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള പുരുഷനാണ് ഇന്നലെ രാവിലെ 9.30ന് ഗുളിക മാറി നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും വയറ് കഴുകുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്‌ക്കുമായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി.
















