കണ്ണൂര്‍: ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ സന്ദേശം നാടിന്റെ മുക്കുമൂലകളിലെത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ കാംപയിന്റെ ഒരുക്കങ്ങള്‍ സജീവമായി. 27ന് വൈകിട്ട് 3 മണി മുതല്‍ 7 മണി വരെ നടക്കുന്ന ഗോളടി പരിപാടി ജില്ലയില്‍ ഉല്‍സവമാക്കി മാറ്റാനാണ് സംഘാടകരുടെ തീരുമാനം.
ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ കൊച്ചിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് വേദികളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം ഗോളുകളടിക്കാനാണ് സംഘാടകര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.
ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ കൂടി ലക്ഷ്യമിടുന്ന പരിപാടിക്കായി പഴുതടച്ച പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലും വച്ച് അടിക്കുന്ന ഗോളുകളുടെ എണ്ണം, ചിത്രങ്ങളും മറ്റുവിശദാംശങ്ങളും സഹിതം രേഖപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്ത പ്രത്യേക മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട പരിശീലനപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പഞ്ചായത്ത് തല യൂത്ത് കോഡിനേറ്റര്‍മാര്‍ക്കാണ് ഇതേക്കുറിച്ചുള്ള പരിശീലനം നല്‍കിയത്. ഓരോ ഗോളടി കേന്ദ്രത്തിലും നിയോഗിക്കപ്പെടുന്ന വളണ്ടിയറാണ് ഈ വിവരങ്ങള്‍ അപ്പപ്പോള്‍ മൊബൈല്‍ വഴി ലഭ്യമാക്കുക. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോളടിപ്പിക്കുന്ന പഞ്ചായത്തിലെ യൂത്ത് കോഡിനേറ്റര്‍ക്ക് കൊച്ചിയില്‍ നടക്കുന്ന ഒരു മല്‍സരം കാണാനുള്ള ടിക്കറ്റും ഫിഫയുടെ ഒരു ജഴ്‌സിയും സമ്മാനമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കാംപയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന തലത്തിലുള്ള സംഘാടക സമിതി ഉടന്‍ രൂപീകരിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഗോളടി കേന്ദ്രങ്ങള്‍, ഇവിടേക്കുള്ള വളണ്ടിയര്‍ എന്നിവയുള്‍പ്പെടുന്ന പട്ടിക ജില്ലാതല കമ്മിറ്റിക്ക് സമിതി കൈമാറും. ഇവയുടെ വിശദാംശങ്ങള്‍ 20നുമുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് അറിയിച്ചു. ജില്ലയിലെ ഓരോ ഗോളടി കേന്ദ്രത്തിലും കലാ-സാംസ്‌കാരിക-കായിക-സിനിമാ-രാഷ്‌ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ യൂത്ത് കോഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ശിവദാസ് കെ, മില്യന്‍ ഗോള്‍ കാംപയിന്‍ സംസ്ഥാന ഐടി കോഡിനേറ്റര്‍ അഹ്മദ്, ജില്ലാ കോഡിനേറ്റര്‍ എബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിശ്ചയിക്കപ്പെടുന്ന വളണ്ടിയര്‍ 23നു മുമ്പ് ബന്ധപ്പെട്ട ഗോളടി കേന്ദ്രം സന്ദര്‍ശിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കേന്ദ്രത്തിന്റെ ഫോട്ടോ അയച്ച് സെന്റര്‍ വാലിഡേറ്റ് ചെയ്യണമെന്ന് ഐ.ടി കോഡിനേറ്റര്‍ പറഞ്ഞു. ഇങ്ങനെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നുള്ള ഗോളുകള്‍ മാത്രമേ ലോക റെക്കോഡിനായുള്ള മത്സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വെറും 20 ദിവസത്തെ ഒരുക്കങ്ങള്‍ നടത്തി 10 ലക്ഷം ഗോള്‍ അടിക്കുന്നുവെന്നതാണ് മില്യന്‍ ഗോള്‍ പദ്ധതിയുടെ സവിശേഷത. ഇക്കാര്യം ലോക റെക്കോര്‍ഡിനായി പരിഗണിക്കും. കലക്ടര്‍ ചെയര്‍മാനും സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കണ്‍വീനറുമായ സംഘാടക സമിതിയാണ് ജില്ലാ തലത്തില്‍ കാംപയിന് നേതൃത്വം നല്‍കുന്നത്.
















