കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് രണ്ട് ഗഡു ഡിഎ 627 രൂപ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷമായി പല ബസ്സുകളും നിഷേധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ 20 നകം ഡിഎ അനുവദിക്കാത്ത ബസ്സുകളില്‍ 21 മുതല്‍ പണിമുടക്ക് നടത്തുവാന്‍ സ്വകാര്യ ബസ്സ് തൊഴിലാളി യൂണിയന്‍ സംയുക്ത സമിതി തീരുമാനിച്ചു. ജില്ലയില്‍ പകുതിയിലധികം ബസ്സുടമകള്‍ ഡിഎ അനുവദിച്ചുകഴിഞ്ഞ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ ആരംഭിച്ച തൊഴിലാളികളുടെ സംയുക്ത കാമ്പയിന്റെ ഭാഗമായി പല ബസ്സുടമകളും ഡിഎ കൊടുക്കാന്‍ തയ്യാറായിട്ടുണ്ട്. ബാക്കി വരുന്ന ബസ്സുകളിലാണ് 21 മുതല്‍ സമരം നടക്കുക. ജില്ലയിലെ മുഴുവന്‍ ബസ്സുടമകളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ഡിഎ നല്‍കിയും ബസ്സുടമസ്ഥ സംഘടനകള്‍ ഉടമകളെക്കൊണ്ട് ഡിഎ അനുവദിപ്പിക്കുകയും ചെയ്ത് പണിമുടക്ക് ഒഴിവാക്കണമെന്ന് സംയുക്ത സമരസമിതി ഭാരവാഹികളായ കെ.കെ.ശ്രീജിത്ത്, കെ.കെ.നാരായണന്‍, കെ.ജയരാജന്‍, പി.സൂര്യദാസ്, താവം ബാലകൃഷ്ണന്‍, എം.എ.കരീം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















