തളിപ്പറമ്പ്: വിവാദഭൂമിയില്‍ നിന്നും തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ ദുരുഹമരണവുമായും വ്യാജ രേഖകള്‍ ചമച്ച് സ്വത്ത് വകകള്‍ തട്ടിയെടുത്തത് സംബന്ധിച്ചും കേസുകള്‍ നടന്നുവരുന്ന ഡോ.കുഞ്ഞമ്പു നായരുടെ തൃച്ചംബരം ക്ഷേത്രം റോഡിലെ ഉദയംവീട് കോമ്പൗണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന തേക്ക് മരങ്ങള്‍ കഴിഞ്ഞദിവസം മുറിച്ചുകടത്തിയത്. സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് കര്‍മ്മസമിതി ഭാരവാഹികള്‍ക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. കുറ്റികളും അവശിഷ്ടങ്ങളും ഇവിടെ ചിതറിക്കിടക്കുന്നുണ്ട്. കൊടും കാടായതിനാല്‍ മൂന്നര ഏക്കറോളം വിസ്തീര്‍ണമുള്ള സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പരിസരവാസികള്‍ക്ക് പോലും അറിയാന്‍ കഴിയില്ല. പകല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മരം മുറിച്ച് കഷണങ്ങളാക്കിയ ശേഷം രാത്രിയില്‍ വണ്ടിയില്‍ കടത്തിയതാകാമെന്നാണ് സംശയം. ഇത് സംബന്ധിച്ച് ചെന്നൈയിലുള്ള കുഞ്ഞമ്പു നായരുടെ മക്കള്‍ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സ്വത്ത് തട്ടിയെടുക്കലും വിവാദമായ ദുരൂഹമരണവും സംബന്ധിച്ച വാര്‍ത്തകള്‍ നാട്ടില്‍ കൊടുമ്പരി കൊള്ളുമ്പോഴാണ് ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയത്. ഇത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
















