കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ കടകളും സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നത് സുരക്ഷാ കാരണങ്ങളാലാണെന്നും ഇതു നിയമ വിരുദ്ധമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ലോകകപ്പിനായി സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 25 വരെ സ്റ്റേഡിയത്തിലെ കടകളും ഓഫീസുകളും പൂട്ടണമെന്ന ജിസിഡിഎയുടെ നോട്ടീസ് ചോദ്യം ചെയ്ത് എറണാകുളം ചങ്ങമ്പുഴ നഗറിലെ വി. രാമചന്ദ്രന്‍ നായരടക്കം 44 കടയുടമകള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കടകള്‍ പൂട്ടിയിട്ടാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരില്ലേയെന്നും നഷ്ടം കണക്കാക്കാന്‍ കമ്മിറ്റിയെ നിയോഗിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. രാജ്യാന്തര മത്സരത്തിനൊപ്പം കടയുടമകളുടെ ഉപജീവനവും സംരക്ഷിക്കണം. പകരം എന്തു സംവിധാനം ഒരുക്കാനാവുമെന്നും ഹൈക്കോടതി ആരാഞ്ഞു. തുടര്‍ന്ന് ഹര്‍ജി കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റി.
കടകള്‍ ഒഴിപ്പിക്കാന്‍ വൈകിയാല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കി. താല്കാലികമായി കടകള്‍ ഒഴിയാനാണ് നിര്‍ദേശിച്ചത്. കരാര്‍ അനുസരിച്ച് മത്സരങ്ങള്‍ക്ക് വളരെ മുമ്പു തന്നെ സ്റ്റേഡിയം ഫിഫയ്‌ക്ക് കൈമാറണം. കളിക്കാരുടെയും കാണികളുടെയും ഒഫിഷ്യലുകളുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ബാദ്ധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്.
സ്റ്റേഡിയം കോംപ്ലക്‌സില്‍ പാചകവാതകമടക്കമുള്ളവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഭീഷണിയാണ്. ഫിഫയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്താരാഷ്‌ട്ര മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമാകും. വ്യക്തികളുടെ ബുദ്ധിമുട്ടിനും മേലെയാണ് പൊതുതാല്പര്യമെന്നും തദ്ദേശ ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.എസ്. ശ്രീകല നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
















