കൊല്ലം: മുന്‍മന്ത്രി നീലലോഹിദദാസന്‍ നാടാര്‍ക്ക് എതിരെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതി. സംസ്ഥാനത്ത് മുസ്ലിങ്ങളുടെ മനസില്‍ ആര്‍എസ്എസ്, ബിജെപി പ്രസ്ഥാനങ്ങളെ കുറിച്ച് ഭീതി ജനിപ്പിക്കാന്‍ മുന്‍മന്ത്രി നടത്തിയ നുണപ്രചരണത്തിനെതിരെയാണ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ജി.ഗോപകുമാര്‍ ഡിജിപിയ്‌ക്ക് പരാതി നല്‍കിയത്.
കൊല്ലത്ത് ഫാസിസത്തിന്റെ കടന്നുകയറ്റം എന്ന വിഷയത്തില്‍ ഡോ.എം.എസ്.ജയപ്രകാശ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ നീലലോഹിദദാസന്‍ നാടാര്‍ നടത്തിയ പ്രസംഗം വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് പരാതിയില്‍ പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ടും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയുമാണ് മുന്‍മന്ത്രി പ്രസംഗിച്ചത്. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കിയില്ലെങ്കില്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശാരീരികമായി വകവരുത്തുമെന്ന് മുന്‍മന്ത്രി എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇതന്വേഷിക്കേണ്ട ബാധ്യത കേരളാപോലീസിലെ അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. മുന്‍മന്ത്രിയുടെ പ്രസംഗം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നിയമനടപടി സ്വീകരിക്കാനും തയാറാകണമെന്ന് ഗോപകുമാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കും ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്ന് അഡ്വ.ഗോപകുമാര്‍ അറിയിച്ചു.
















