തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം വണ്‍ മില്ല്യണ്‍ ഗോള്‍, ദീപശിഖാ റിലേ, ബോള്‍ റണ്‍, സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27ന് ഒരു മില്യന്‍ ഗോളുകള്‍ അടിക്കുന്ന പരിപാടിയോടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകും.
വൈകിട്ട് മൂന്നു മുതല്‍ ഏഴുമണി വരെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സ്‌കൂള്‍, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൊതുജന പങ്കാളിത്തത്തോടെ പത്ത് ലക്ഷം പേര്‍ ഗോള്‍ അടിക്കും. പരമാവധി ആളുകളെ ഫിഫ ലോക കപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദീപശീഖാ റിലേ ഒക്‌ടോബര്‍ മൂന്നിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ആറിന് കൊച്ചിയിലെത്തും. ഐ.എം. വിജയന്‍, കെ. വിനീത് എന്നിവര്‍ നേതൃത്വം നല്‍കും. ബോള്‍ റണ്‍ കളിയിക്കാവിളയില്‍ നിന്ന് ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ച് ആറിന് കൊച്ചിയില്‍ സമാപിക്കും. ബോള്‍ റണ്ണിന് ജിജു ജേക്കബ്, എം. രാജീവ് കുമാര്‍, വി.പി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ഇലവനും സ്പീക്കേഴ്‌സ് ഇലവനും തമ്മിലും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ടീമുകള്‍ തമ്മിലും മാധ്യമപ്രവര്‍ത്തകരുടെ ടീമുകള്‍ തമ്മിലുമാണ് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍. മത്സരങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടുമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 22ന് കൊച്ചിയില്‍ എത്തിച്ചേരുന്ന ലോകകപ്പ് ട്രോഫിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. 23 ന് കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശനം പര്യടനം നടത്തിയതിനുശേഷം 24ന് ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ കലാപരിപാടികളോടെ സമാപിക്കും. എട്ട് മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥ്യമരുളുന്നത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 7, 10, 13, 18, 22 തീയതികളിലാണ് മത്സരം. ഏഴിന് വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും തമ്മിലും രാത്രി എട്ടിന് ദക്ഷിണ കൊറിയയും നൈജറും തമ്മിലുമുള്ള മത്സരം നടക്കും. 10ന് വൈകിട്ട് അഞ്ചിന് സ്‌പെയിന്‍ – നൈജര്‍, രാത്രി എട്ടിന് ദക്ഷിണ കൊറിയ – ബ്രസീല്‍. 13ന് വൈകിട്ട് അഞ്ചിന് ഗിനിയ – ജര്‍മനി. രാത്രി എട്ടിന് സ്‌പെയിന്‍ – ദക്ഷിണ കൊറിയ. 18ന് പ്രീ ക്വാര്‍ട്ടറും 22ന് ക്വാര്‍ട്ടര്‍ ഫൈനലും നടക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനുവേണ്ടി മുഖ്യമന്ത്രി ചെയര്‍മാനായും കായികമന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു.
















