കാബൂള്‍: ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ കാബൂള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. രണ്ടു പോലീസുകാരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ധാനേഷ് അറിയിച്ചു.
കാബൂള്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപം സ്‌ഫോടനം നടന്നതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥീരികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റേഡിയത്തില്‍ ട്വന്റി 20 ലീഗ് മത്സരം നടക്കുമ്പോഴായിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടന്നയുടനെ മത്സരം നിര്‍ത്തി. കളിക്കാര്‍ക്കും കാണികള്‍ക്കും പരിക്കില്ല.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി താലിബാനും ഇസ്ലാമിക് സ്‌റ്റേറ്റും കാബൂളില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരുകയാണ്.
















